വയനാട് : വയനാട് ജില്ലയിലെ മുണ്ടക്കൈ , ചൂരൽമല എന്നീ പ്രദേശങ്ങൾ ദുരന്തഭൂമിയായി മാറിയിരിക്കുകയാണ്. കേരളത്തെ ഒട്ടാകെ ഞെട്ടിച്ച ഉരുൾപൊട്ടലിൽ മരണം 243 ആയി. എന്നാൽ പല മൃതദേഹങ്ങളും തിരിച്ചറിയാനായിട്ടില്ല. ഇരുന്നൂറിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഇന്ന് 79 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മുണ്ടക്കൈയിൽ അവശേഷിക്കുന്നത് 30 വീടുകൾ മാത്രമെന്ന് അധികൃതർ അറിയിച്ചു. നിരവധി ആളുകളെ ഇനി കണ്ടെത്താനും ബാക്കിയുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. നിരവധി പേർ ഇനിയും കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പ്രദേശത്ത് ലഭിക്കുന്ന ശക്തമായ മഴ രക്ഷാ പ്രവർത്തനങ്ങൾ ദുഷ്‌കരമാക്കുന്നുണ്ട്. നിലവിൽ സൈന്യത്തിന്റെ നേതൃത്വത്തിലാണ് പ്രദേശത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്.
അതേസമയം കണ്ണാടി പുഴയിൽ അതിശക്തമായ മഴവെള്ളപ്പാച്ചിൽ ആണ് ഉണ്ടാവുന്നത്. കഴിഞ്ഞദിവസം നിർമ്മിച്ചിരുന്ന താൽക്കാലിക പാലം മലവെള്ളപ്പാച്ചിലിനെ തുടർന്ന് മുങ്ങി. ഇതോടെ മുണ്ടക്കൈ വീണ്ടും ഒറ്റപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ്.
പുഴയ്ക്ക് കരയിൽ നിന്നും എല്ലാവരും മാറി നിൽക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. മലവെള്ളപ്പാച്ചിലിൽ താൽക്കാലിക പാലം മുങ്ങിയതോടെ രക്ഷാപ്രവർത്തകരും മാദ്ധ്യമ സംഘവും ഉൾപ്പെടെയുള്ള വലിയൊരു കൂട്ടം മുണ്ടക്കൈയിൽ കുടുങ്ങിക്കിടക്കുകയാണ്.
Discussion about this post