ശ്രീനഗര്‍: ഇന്ത്യപാക് അതിര്‍ത്തിയിലെ സിയാച്ചിനിലുണ്ടായ ഹിമപാതത്തില്‍ പത്തു സൈനികര്‍ മരിച്ചു. മേഖലയിലൂടെ പട്രോളിങ് നടത്തുന്നതിനിടെ അത്യാഹിതമുണ്ടാവുകയായിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 19,000 അടി ഉയരത്തില്‍ വടക്കന്‍ സിയാച്ചിനിലാണ് അപകടം നടന്ന പ്രദേശമെന്ന് സൈനിക വക്താവ് കേണല്‍ എസ്.ഡി ഗോസ്വാമി പറഞ്ഞു.
ലോകത്തെ ഏറ്റവും ഉയര്‍ന്ന യുദ്ധമേഖലയാണിത്. ശൈത്യകാലങ്ങളില്‍ ഇവിടെ ഹിമപാതവും മലയിടിച്ചിലും പതിവാണ്. മൈനസ് 60 ഡിഗ്രി സെല്‍ഷ്യസിലേക്ക് തണുപ്പ് താഴുകയും ചെയ്യും.ജനുവരി ആദ്യവാരം നാലു സൈനികര്‍ മരിച്ചതിനു പിന്നാലെയാണ് വീണ്ടും ദുരന്തമുണ്ടായത്. കഴിഞ്ഞ വര്‍ഷം ഒടുവില്‍ ലഡാകിലെ ലേയ്ക്കടുത്ത് വാഹനത്തിനു മീതെ മഞ്ഞു വീണു നാലു പേര് കൊല്ലപ്പെട്ടിരുന്നു.
1984 മുതല്‍ സിയാച്ചിനില്‍ എണ്ണായിരത്തോളം സൈനികര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്.
ഹിമപാതം, മണ്ണിടിച്ചില്‍, ശീതാധിക്യത്തിലുള്ള ശാരീരിക വീക്കം, ശ്വാസതടസ്സം എന്നിവയാണ് മരണത്തിന്റെ കാരണങ്ങള്‍. പാകിസ്താന് തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന സിയാച്ചിന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തന്ത്രപ്രധാന പ്രദേശമാണ്.
Discussion about this post