പാരിസ്: ഓസ്ട്രേലിയക്ക് എതിരെയുള്ള 52 വർഷത്തെ തോൽവികളുടെ ചരിത്രം തിരുത്തി ഇന്ത്യ. 1972 ന് ശേഷം ഒളിമ്പിക്സ് ഹോക്കിയിൽ ഓസ്ട്രേലിയക്ക് എതിരെയുള്ള ഇന്ത്യയുടെ ആദ്യ ജയമാണിത്. പാരീസിൽ വച്ചു നടക്കുന്ന 2024 ഹോക്കി ഇതോടു കൂടി ഇന്ത്യക്ക് വലിയ ഓർമ്മകളാണ് സമ്മാനിക്കുന്നത്.
പൂൾ ബിയിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യൻ സംഘം വിജയം പിടിച്ചെടുത്തത്. ബെൽജിയത്തിനെതിരെയുള്ള തോൽവിയുടെ ദുഃഖമാണ് ഈ ത്രസിപ്പിക്കുന്ന ജയത്തിലൂടെ ഇന്ത്യ മറികടന്നത്. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന ഇന്ത്യൻ ടീം ഇതോടു കൂടി ക്വാർട്ടർ പ്രതീക്ഷകളും സജീവമാക്കി.
12-ാം മിനിട്ടിൽ അഭിഷേകിന്റെ ഗോളിലൂടെയാണ് ഇന്ത്യ സ്കോർ ബോർഡ് തുറന്നത്. ഒരുമിനിട്ടിന് ശേഷം നായകൻ ഹർമൻ പ്രീത് സിംഗ് ലീഡ് ഡബിളാക്കി ഉയർത്തി. എന്നാൽ ആദ്യപകുതിക്ക് മുൻപ് ഗോൾ മടക്കിയ ഓസ്ട്രേലിയ ഒരു ഭീഷണിയുടെ സാഹചര്യം സൃഷ്ടിച്ചുവെങ്കിലും ആധിപത്യം തുടർന്ന ഇന്ത്യ 32-ാം മിനിട്ടിൽ ലീഡ് മൂന്നാക്കി ഉയർത്തി. ഹർമനാണ് പെനാൽറ്റി വലയിലെത്തിച്ച് ഇന്ത്യയുടെ അപ്രമാദിത്വം നിലനിർത്തിയത്.
പിന്നീട് തുടരെ തുടരെ ആക്രമണങ്ങളോടെ ഓസ്ട്രേലിയ കിണഞ്ഞ് ശ്രമിച്ചെങ്കിലും, പി ആർ ശ്രീജേഷ് ഇന്ത്യൻ കോട്ട കാക്കുകയായിരിന്നു.








