പാരീസ്; പാരീസ് ഒളിമ്പിക്‌സ് ഹോക്കി മത്സരത്തിൽ ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ. ആവേശകരമായ ക്വാട്ടർ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ട്ഔട്ടിലാണ് ഇന്ത്യയുടെ ഐതിഹാസികവിജയം. നാല് ഷൂട്ടുകളും വലയിലെത്തിച്ച് ഇന്ത്യ സ്‌കോർ ചെയ്തപ്പോൾ ഒരു ശ്രമം പോലും വിജയത്തിലെത്തിക്കാൻ ബ്രിട്ടനായില്ല. ഇതോടെ ഗോൾവലകാത്ത മലയാളി താരം പിആർ ശ്രീജേഷ് താരമായിരിക്കുകയാണ്. ഗോള്‍ രഹിതമായ ആദ്യ ക്വാര്‍ട്ടറിനൊടുവില്‍ അമിത് രോഹിദാസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായി പൊരുതിയാണ് ഇന്ത്യ ബ്രിട്ടനെ വീഴ്ത്തിയത്.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. മത്സരത്തിലുടനീളം ഗോൾവല കാത്ത ഗോൾകീപ്പർ ശ്രീജേഷ് കളിയിലെ താരമായി.
ഇന്ത്യയ്ക്കായി ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും (22ാം മിനിറ്റ്) ബ്രിട്ടനായി ലീ മോർട്ടനും (27ാം മിനിറ്റ്) നേടിയ ഗോളുകളാണ് മത്സരം നിശ്ചിത സമയത്ത് സമനിലയിൽ എത്തിച്ചത്. ഓഗസ്റ്റ് ആറിനാണ് സെമി ഫൈനൽ. ഒരു വിജയം അകലെ 13 ാം ഒളിമ്പിക്‌സ് മെഡലാണ് ഇന്ത്യൻ ഹോക്കി ടീമിനെ കാത്തിരിക്കുന്നത്.
Discussion about this post