ന്യൂഡൽഹി : അപൂർവ ലോഹങ്ങളുടെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ. ഇന്ന് നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ അപൂർവ- ഭൂസ്ഥിര കാന്തങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി 7280 കോടി രൂപയുടെ പാക്കേജിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ചൈന കയറ്റുമതി നിയന്ത്രണങ്ങൾ കർശനമാക്കിയ സമയത്താണ് ഇന്ത്യയുടെ ഈ നീക്കം. ആഗോള അപൂർവ ഭൂമി അസംസ്കൃത വസ്തുക്കളുടെ 60-70% ഉം സംസ്കരണത്തിന്റെ 90% ഉം നിലവിൽ നിയന്ത്രിക്കുന്നത് ചൈനയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ‘സിന്റർ ചെയ്ത അപൂർവ ഭൂമി സ്ഥിരം കാന്തങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി’ അംഗീകരിച്ചത്. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ആണ് മന്ത്രിസഭായോഗത്തിൽ എടുത്ത തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്. അപൂർവ ഭൂമി ഓക്സൈഡുകളെ ലോഹങ്ങളായും, ലോഹങ്ങളെ അലോയ്കളായും, ഒടുവിൽ അലോയ്കളെ പൂർത്തിയായ കാന്തങ്ങളായും മാറ്റുന്നതാണ് ഈ പദ്ധതി. ഏകദേശം ₹7,200 കോടിയുടെ നിക്ഷേപം ഈ പദ്ധതിയിൽ ഉൾപ്പെടും. പ്രതിവർഷം 1,000 മുതൽ 1,200 മെട്രിക് ടൺ വരെ ശേഷിയുള്ള യൂണിറ്റുകൾ ഈ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും.
വൈദ്യുത വാഹനങ്ങൾ, പുനരുപയോഗ ഊർജ്ജം, പ്രതിരോധ ഉൽപ്പാദനം എന്നിവയിൽ ആണ് ഈ അപൂർവ ഭൂമി മൂലകങ്ങൾ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ, പരിമിതമായ ഫണ്ടിംഗ്, സാങ്കേതിക വൈദഗ്ധ്യത്തിന്റെ അഭാവം, നീണ്ട പദ്ധതി സമയപരിധി തുടങ്ങിയ വെല്ലുവിളികൾ ഈ മേഖല ഇപ്പോഴും നേരിടുന്നു. ഓക്സൈഡിനുള്ള ഇന്ത്യയുടെ വാർഷിക ആവശ്യം ഏകദേശം 2,000 ടൺ ആണ്. ചൈനയിൽ നിന്നുമുള്ള ഇറക്കുമതി കുറയ്ക്കാനും സ്വയംപര്യാപ്തത കൈവരിച്ച ശേഷം വിദേശ കയറ്റുമതിയും ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ ഈ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.









Discussion about this post