ന്യൂഡൽഹി : 2030 ലെ കോമൺവെൽത്ത് ഗെയിംസിന് അഹമ്മദാബാദ് ആതിഥേയത്വം വഹിക്കും. ഗ്ലാസ്‌ഗോയിൽ നടക്കുന്ന ഇവന്റ് ഗവേണിംഗ് ബോഡി ആണ് വേദി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കോമൺവെൽത്ത് സ്‌പോർട്‌സ് ഇവാലുവേഷൻ കമ്മിറ്റി അഹമ്മദാബാദിലെ സ്പോർട്സ് സൗകര്യങ്ങളെക്കുറിച്ച് സമഗ്രമായ വിലയിരുത്തൽ നടത്തിയ ശേഷമാണ് കോമൺവെൽത്ത് ഗെയിംസിന് വേദിയാകാൻ അഹമ്മദാബാദിനെ തിരഞ്ഞെടുത്തത്. ഇന്ത്യയെ തിരഞ്ഞെടുത്ത തീരുമാനത്തിന് കോമൺവെൽത്ത് ഗെയിംസ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. പി.ടി. ഉഷ നന്ദി പറഞ്ഞു
കോമൺവെൽത്ത് സ്‌പോർട്‌സ് എക്‌സിക്യൂട്ടീവ് ബോർഡിന്റെ 74 അംഗ പൊതുസഭയാണ് ഇന്ത്യയുടെ ബിഡിന് അംഗീകാരം നൽകിയത്. കോമൺവെൽത്ത് ഗെയിംസിന്റെ 100 വർഷം തികയുന്നതിന്റെ ചരിത്രപരമായ ഒരു നാഴികക്കല്ല് കൂടിയാണ് 2030 കോമൺവെൽത്ത് ഗെയിംസ്. ഇന്ത്യ അവസാനമായി കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചത് 2010 ൽ ഡൽഹിയിലാണ്.
2036-ൽ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തിന് കരുത്ത് പകരുന്ന പ്രഖ്യാപനം കൂടിയാണിത്. ഒളിമ്പിക് ആതിഥേയത്വ അവകാശങ്ങൾക്കായുള്ള മത്സരത്തിലും അഹമ്മദാബാദ് ഒരു പ്രധാന പങ്കുവഹിക്കുന്നതാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി അഹമ്മദാബാദിൽ യുദ്ധകാലാടിസ്ഥാനത്തിൽ കായിക അടിസ്ഥാന സൗകര്യങ്ങൾ നവീകരിച്ചുവരികയാണ്. കോമൺവെൽത്ത് ഗെയിംസിന്റെ വേദിയായി അഹമ്മദാബാദിനെ തിരഞ്ഞെടുത്തത് എല്ലാ ഇന്ത്യക്കാർക്കും അഭിമാനകരമായ നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.









Discussion about this post