ഗാസ സിറ്റി : തെക്കൻ ഗാസ മുനമ്പിൽ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം പതിനായിരങ്ങൾ ദുരിതത്തിൽ. കനത്ത മഴയെ തുടർന്ന് യുദ്ധത്തിൽ വീടുകൾ നഷ്ടപ്പെട്ട നിരവധി പലസ്തീനികളുടെ ടെന്റുകൾ വെള്ളത്തിനടിയിലായി. ക്യാമ്പുകളും വെള്ളത്തിൽ മുങ്ങിയതോടെ എവിടെ പോകണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ഗാസയിലെ പതിനായിരക്കണക്കിന് ജനത.
1.5 ദശലക്ഷം ആളുകളെ പാർപ്പിക്കാൻ കുറഞ്ഞത് 300,000 പുതിയ ടെന്റുകൾ അടിയന്തിരമായി ആവശ്യമുണ്ടെന്ന് പലസ്തീൻ എൻജിഒ നെറ്റ്‌വർക്ക് അറിയിച്ചു. പ്രളയത്തിൽ പല ക്യാമ്പുകളിലും സംഭരിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷ്യധാന്യങ്ങളും നശിച്ചിട്ടുണ്ട്. ഖാൻ യൂനിസ് പോലുള്ള പ്രദേശങ്ങളിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴ വ്യാപകമായ വെള്ളപ്പൊക്കത്തിനാണ് കാരണമായിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി പെയ്ത മഴയിൽ വീടുവിട്ടുപോയ കുടുംബങ്ങളെ പാർപ്പിച്ചിരിക്കുന്ന ആയിരക്കണക്കിന് കൂടാരങ്ങൾ വെള്ളത്തിനടിയിലാവുകയോ അല്ലെങ്കിൽ പേമാരിയിൽ തകരുകയോ ചെയ്തതായി പലസ്തീൻ സിവിൽ ഡിഫൻസ് സർവീസ് അറിയിച്ചു.
തീരദേശ പ്രദേശത്തെ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഭൂനിരപ്പിൽ നിന്ന് 40 മുതൽ 50 സെന്റീമീറ്റർ വരെ ഉയർന്നതിനാൽ ചില ടെന്റുകൾ പൂർണ്ണമായും ഒഴുകിപ്പോയി. വെള്ളപ്പൊക്കം കാരണം ഒരു ഫീൽഡ് ആശുപത്രിയുടെ പ്രവർത്തനവും നിർത്തിവയ്ക്കേണ്ടിവന്നിട്ടുണ്ട്.









Discussion about this post