ബംഗ്ലാദേശ് : ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഹിൻഡൺ എയർബേസിൽ എത്തിയതിനെ തുടർന്നാണ് കൂടിക്കാഴ്ച നടത്തിയത്. ബംഗ്ലാദേശിലെ പ്രതിസന്ധിയെക്കുറിച്ച് ഇരുവരും ചർച്ച നടത്തിയതായാണ് വിവരം.
ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയ്ക്കൊടുവിൽ അജിത് ഡോവൽ എയർ ബേസിൽ നിന്നും മടങ്ങി. ബംഗ്ലാദേശിലെ പ്രതിസന്ധിയെക്കുറിച്ചും തൻ്റെ ഭാവി നടപടികളെക്കുറിച്ചും ഷെയ്ഖ് ഹസീന ഡോവലുമായി ചർച്ച ചെയ്തു എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ബംഗ്ലാദേശിൽ പ്രക്ഷോഭം നടന്നതിനെ തുടർന്ന് പ്രധാന നേതാക്കൾക്കിടയിൽ ചർച്ചകൾ നടക്കുകയാണ്. സംഭവത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി. ബംഗ്ലാദേശിലെ ഇന്നത്തെ സാഹചര്യങ്ങളെയും പുതിയ സംഭവ വികാസങ്ങളെയും കുറിച്ച് ഇരുവരും വിലയിരുത്തി.
രാജിവച്ച് ബംഗ്ലാദേശിൽ നിന്നും പലായനം ചെയ്ത ഹസീന ഹിൻഡൻ വ്യോമതാവളത്തിലാണ് വിമാനം ഇറങ്ങിയത്. ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഷെയ്ഖ് ഹസീന ഇന്ത്യയിൽ എത്തുമെന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇന്ത്യയിൽ ഹസീന അഭയം പ്രാപിക്കില്ല. ഇവിടെ നിന്നും ഉടൻ തന്നെ ലണ്ടനിലേക്ക് മടങ്ങുമെന്ന് റിപ്പോർട്ടുകൾ.
Discussion about this post