തിരുവനന്തപുരം: കൊച്ചുവേളി,നേമം റെയിൽവേസ്റ്റേഷനുകളുടെ പേര് മാറ്റി. യഥാക്രമം തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം സൗത്ത് എന്നും അറിയപ്പെടും. സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചു.പേരുമാറ്റം അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് സംസ്ഥാനത്തിനു ലഭിച്ചു. ഇതോടെ, ഈ രണ്ടു സ്റ്റേഷനുകളെയും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ സാറ്റ്‌ലൈറ്റ് ടെർമിനലുകളാക്കാനുള്ള നടപടികൾ സജീവമാകും. തിരുവനന്തപുരം സ്വദേശിയായ ഹരീഷ് പിആർ ആണ് സ്റ്റേഷനുകളുടെ പേര് യാത്രക്കാർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്നും പേര് മാറ്റണമെന്നുമുള്ള നിർദ്ദേശം ആദ്യം കേന്ദ്രസർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുന്നത്. തുടർന്ന് മോദിസർക്കാർ ഇതിൽ നടപടിയെടുക്കുകയായിരുന്നു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് 9 കിലോ മീറ്റർ വീതം അകലെയാണ് നേമം, കൊച്ചുവേളി സ്റ്റേഷനുകൾ. സെൻട്രലിൽ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിനുകളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ പതിനഞ്ചോളം ട്രെയിനുകൾ നിലവിൽ കൊച്ചുവേളിയിൽ നിന്നാണ് സർവീസ് തുടങ്ങുന്നത്. ദിവസം ഏഴായിരത്തോളം യാത്രക്കാർ ഈ സ്റ്റേഷനെ ആശ്രയിക്കുന്നു എന്നാണ് കണക്ക്.
കൊച്ചുവേളിയിൽ നിന്ന് സർവീസ് നടത്തുന്നതിൽ ഭൂരിപക്ഷവും ദീർഘദൂര ട്രെയിനുകളാണ്. കൊച്ചുവേളി എന്ന പേര് കേരളത്തിന് പുറത്തുള്ളവർക്ക് ഒട്ടും പരിചിതമല്ല. അതിനാൽ, തിരുവനന്തപുരം സെൻട്രലിലേക്ക് റിസർവേഷൻ ലഭിക്കാത്തവർ യാത്ര വേണ്ടെന്ന് വെക്കുന്ന സാഹചര്യമായിരുന്നു. പേരു മാറ്റം വന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും.
Discussion about this post