പാരീസ് : ഇന്ത്യൻ കായികരംഗത്ത് ഒരു പുതിയ ചരിത്രം രചിച്ചുകൊണ്ട് ഗുസ്തി താരം വിനേഷ് ഫോഗട്ട് ഒളിമ്പിക്സ് ഫൈനലിലേക്ക്. 2024 പാരീസ് ഒളിമ്പിക്സിലെ 50 കിലോ ഫ്രീ സ്റ്റൈൽ ഗുസ്തി വിഭാഗത്തിലാണ് വിനേഷ് ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. ഇതോടെ പാരീസ് ഒളിമ്പിക്സിൽ ഒരു മെഡൽ കൂടി ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ.
ഗുസ്തിയിൽ ഒളിമ്പിക്‌സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയാണ് വിനേഷ് ഫോഗട്ട്. 2016 ഒളിമ്പിക്‌സിൽ ഇന്ത്യൻ ഗുസ്തി താരം സാക്ഷി മാലിക്കിന് വെങ്കലം മാത്രമായിരുന്നു നേടാൻ കഴിഞ്ഞിരുന്നത്. ആ ചരിത്രം തിരുത്തി കുറിക്കാൻ ഒരുങ്ങുകയാണ് വിനേഷ്. സെമിയിൽ ക്യൂബയുടെ യൂസ്നെലിസ് ഗുസ്മാനെതിരെ വമ്പൻ വിജയം സ്വന്തമാക്കി കൊണ്ടാണ് വിനേഷ് ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്.
ആദ്യ മത്സരത്തിൽ ജപ്പാൻ്റെ യുയി സുസാക്കിയെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫോഗട്ട് ക്വാർട്ടർ ഫൈനലിൽ എത്തിയിരുന്നത്. തുടർന്ന് ക്വാർട്ടറിൽ യുക്രൈൻ താരത്തെയും സെമിഫൈനലിൽ ക്യൂബൻ താരത്തെയും പരാജയപ്പെടുത്തി വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയിൽ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് വിനേഷ്. 5-0 എന്ന ഏറ്റവും മികച്ച സ്കോറിനാണ് വിനേഷ് പാരീസ് ഒളിമ്പിക്സിന്റെ ഫൈനലിലേക്ക് കടന്നത്.
Discussion about this post