ഭുവനേശ്വര്‍: രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി അഞ്ച് യുവതികളെ വിവാഹം ചെയ്തു പണം തട്ടിയ വിവാഹ തട്ടിപ്പ് വീരന്‍ പിടിയില്‍. യുവതികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത 34-കാരൻ ആണ് ഭുവനേശ്വറിൽ വച്ച് അറസ്റ്റിലായത്. സത്യജിത്ത് സമൽ എന്നയാളെയാണ് പോലീസ് തന്ത്രപരമായി വലയിലാക്കിയത്.
ഈ സമയം തന്നെ 49 യുവതികളോട് ഇയാള്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. വിവാഹിതരായ രണ്ട് സ്ത്രീകളിൽ നിന്ന് പരാതി ലഭിച്ചതോടെ നടത്തിയ അന്വേഷണത്തില്‍ ആണ് വന്‍ തട്ടിപ്പ് പുറത്ത് വന്നത്. ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഉപയോഗിച്ച് കെണിയൊരുക്കിയാണ് ഇയാളെ പിടികൂടിയത്. ഇവരെ കാണാൻ വന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയുടെ കൈയിൽ നിന്ന് ഒരു കാർ, മോട്ടോർ സൈക്കിൾ, 2.10 ലക്ഷം രൂപ, ഒരു പിസ്റ്റൾ, വെടിമരുന്ന്, രണ്ട് വിവാഹ കരാർ സർട്ടിഫിക്കറ്റുകൾ എന്നിവ പോലീസ് കണ്ടെടുത്തു.
ഇയാൾ വിവാഹം കഴിച്ചവരില്‍
രണ്ട് യുവതികള്‍ ഒഡീഷയിൽ നിന്നുള്ളവരും ഒരാൾ കൊൽക്കത്തയിൽ നിന്നും മറ്റയാൾ ഡല്‍ഹിയില്‍ നിന്നുള്ളതുമാണ്. അഞ്ചാമത്തെ സ്ത്രീയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.
പ്രതിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും പോലീസ് അറിയിച്ചു. നിലവിൽ ഭുവനേശ്വറിൽ താമസിക്കുന്ന പ്രതി മാട്രിമോണിയൽ സൈറ്റുകൾ വഴി യുവ വിധവകളെയും വിവാഹമോചിതരെയും ലക്ഷ്യമിട്ടിരുന്നതായും പോലീസ് വ്യക്തമാക്കി
വിവാഹവാഗ്ദാനം നൽകി പണവും കാറും ആവശ്യപ്പെടും, ഈ പണം തിരികെ ചോദിച്ചാൽ ഇയാൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നാണ് 49 സ്ത്രീകളുമായി മാട്രിമോണിയൽ സൈറ്റിൽ ചാറ്റ് ചെയ്യുകയും വിവാഹാഭ്യര്‍ത്ഥന നടത്തുന്നതായും കണ്ടെത്തിയത്.
Discussion about this post