നിങ്ങളുടെ ഫോണിലേക്ക് വരുന്ന സ്പാം കോളുകളും മാർക്കറ്റിംഗ് ഫോൺ കോളുകളും സന്ദേശങ്ങളും കൊണ്ട് നിങ്ങൾ മടുത്തോ ? നിങ്ങൾ മാത്രമല്ല ബുദ്ധിമുട്ടുന്നത്. പല ആളുകളും ഈ കാരണത്താൽ ബുദ്ധിമുട്ടുകയാണ്. എന്നാൽ ആശ്വസിക്കാൻ വഴിയുണ്ട്. ഇപ്പോഴിതാ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അത്തരം സ്പാം കോളുകളുടെ ശല്യത്തിന് പരിഹാരം കാണാൻ തീരുമാനിച്ചിരിക്കുകയാണ്. ഇത് തടയാൻ നിർണായക നിർദേശങ്ങളാണ് ട്രായ് നൽകിയിരിക്കുന്നത്.
സ്പാം കോളുകൾ ചെയ്യുന്നതിന് രജിസ്റ്റർ ചെയ്യാത്ത സെൻഡർമാരുടെയും ടെലിമാർക്കറ്ററുകളുടെയും എല്ലാ ടെലികോം വിഭവങ്ങളും വിച്ഛേദിക്കാൻ ആക്‌സസ് സേവന ദാതാക്കളോട് ട്രായ് നിർദ്ദേശിച്ചിരിക്കുകയാണ്. ടെലികോം സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നതായിക്കണ്ടെത്തിയാൽ രണ്ടുവർഷംവരെ സ്ഥാപനങ്ങളുടെ കണക്ഷൻ റദ്ദാക്കണം. രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ടെലി മാർക്കറ്റിംഗ് സ്ഥാപനങ്ങളെ രണ്ടുവർഷത്തേക്ക് കരിമ്പട്ടികയിൽപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.
എല്ലാ ആക്‌സസ് സേവന ദാതാക്കളോടും ടെലികോം കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻ കസ്റ്റമർ പ്രിഫറൻസ് റെഗുലേഷൻസ് – 2018 (ടി. സി. സി. സി. പി. ആർ-2018) പ്രകാരം എസ്. ഐ. പി/പി. ആർ. ഐ അല്ലെങ്കിൽ മറ്റ് ടെലികോം വിഭവങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാത്ത എല്ലാ സെൻഡർമാരിൽ നിന്നോ ടെലിമാർക്കറ്ററുകളിൽ നിന്നോ (യു. ടി. എം) മുൻകൂട്ടി റെക്കോർഡുചെയ്തതോ കമ്പ്യൂട്ടർ ജനറേറ്റുചെയ്തതോ ആയ വോയ്‌സ് പ്രൊമോഷണൽ കോളുകൾ നിർത്താനാണ് ട്രായ് നിർദ്ദേശിച്ചിരിക്കുന്നത്.
Discussion about this post