ന്യൂഡൽഹി : ജമ്മു കശ്മീരിലെ രജൗരിയിൽ തീവ്രവാദി ആക്രമണത്തിനിടയിൽ സൈനികനെ രക്ഷിക്കാൻ ശ്രമിക്കവേ വെടിയേറ്റ കരസേന ഡോഗ് സക്വാഡിലെ നായ കെന്റിന് രാഷ്ട്രപതിയുടെ ധീരതാ പുരസ്കാരം. ഗോൾഡൻ ലാബ്രഡോർ ഇനത്തിൽപ്പെട്ട കെൻ്റിന് മരണാനന്തര ബഹുമതിയായി ആണ് രാഷ്ട്രപതിയുടെ ധീരതാ പുരസ്‌കാരം നൽകി ആദരിച്ചത്.
ഒമ്പത് തീവ്രവാദ വിരുദ്ധ ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള കെൻ്റ് കഴിഞ്ഞ സെപ്റ്റംബറിൽ ജമ്മുവിൽ നടന്ന ഒരു തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ ആണ് വീരമൃത്യു വരിച്ചത്.
രജൗരിയിൽ ഒളിച്ചിരുന്ന ഭീകരരുടെ അടുത്തേക്ക് സൈനികരെ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് കെൻ്റ് ആയിരുന്നു. രണ്ട് ഭീകരർ കൊല്ലപ്പെട്ട ഈ ദൗത്യത്തിൽ കെന്റിന്റെ ഹാൻഡ്ലർ ആയിരുന്ന സൈനികനും വീരമൃത്യു വരിച്ചിരുന്നു.
മുഴുവൻ സൈനിക ബഹുമതികളോടെ ആണ് കെൻ്റിൻ്റെ ശവസംസ്‌കാരം സൈന്യം നടത്തിയിരുന്നത്. 2002 നവംബർ മുതലായിരുന്നു കെന്റ് കരസേനയുടെ സൈനിക ദൗത്യങ്ങളുടെ ഭാഗമായിരുന്നത്. നേരത്തെ 2015-ൽ കശ്മീരിലെ ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിലെ പങ്കിന് ലാബ്രഡോർ ഇനത്തിൽപ്പെട്ട മാൻസിക്കും 2022-ൽ ബാരാമുള്ളയിൽ ഭീകരനാൽ കൊല്ലപ്പെട്ട ബെൽജിയൻ മാലിനോയിസ് ഇനത്തിൽപ്പെട്ട അക്സലിനും രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു.
Discussion about this post