കൊൽക്കത്ത : പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വെടിവെച്ചു കൊല്ലണമെന്ന് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടതിന് വിദ്യാർത്ഥിനി അറസ്റ്റിൽ. കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട കേസിലെ പ്രതിഷേധത്തിന് ഇടയിലാണ് സംഭവം. കൊൽക്കത്തയിൽ രണ്ടാംവർഷ ബികോം വിദ്യാർത്ഥിനിയായ കീർത്തി ശർമ ആണ് അറസ്റ്റിലായിരിക്കുന്നത്.
തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് കീർത്തി ശർമ മമത ബാനർജിയെ വെടിവെച്ച് കൊലപ്പെടുത്തണമെന്ന് പോസ്റ്റ് ഇട്ടിരുന്നത്. ഇന്ദിരാഗാന്ധിയെ വെടിവെച്ച് കൊലപ്പെടുത്തിയത് പോലെ മമത ബാനർജിയെയും കൊലപ്പെടുത്തുകയാണ് വേണ്ടത് എന്നായിരുന്നു ‘കീർത്തിസോഷ്യൽ’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ വിദ്യാർത്ഥിനി അഭിപ്രായപ്പെട്ടിരുന്നത്. മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ അക്രമത്തിന് പ്രേരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് വിദ്യാർത്ഥിനിയെ കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ആർജി കാർ ഹോസ്പിറ്റലിൽ അടുത്തിടെ നടന്ന സംഭവവുമായി ബന്ധപ്പെട്ട മൂന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറികൾ ആണ് ‘കീർത്തിസോഷ്യൽ’ എന്ന പേജിൽ അപ്‌ലോഡ് ചെയ്തിരുന്നത് എന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. പോസ്റ്റുകളുടെ പേരിൽ ഈ ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഉടമയെ കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി എടുത്തിരിക്കുന്നത് എന്നാണ് കൊൽക്കത്ത പോലീസ് വ്യക്തമാക്കുന്നത്. കീർത്തി ശർമ്മ തന്റെ പേജിൽ പങ്കുവെച്ചിരിക്കുന്ന അഭിപ്രായങ്ങൾ പ്രകോപനപരമാണെന്നും സമൂഹത്തിൽ അശാന്തി സൃഷ്ടിക്കുകയും സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുകയും ചെയ്യുമെന്നും പോലീസ് അറിയിച്ചു.
Discussion about this post