തിയേറ്ററിൽ സമാധാനത്തോടെ ഇരുന്ന് സിനിമ കാണാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആൾക്കാരും. എന്നാൽ ചിലർ അക്കൂട്ടത്തിൽ പെടില്ല. സുഹൃത്തുക്കൾക്കൊപ്പവും കുടുംബാംഗങ്ങൾക്കൊപ്പവും പങ്കാളിക്കൊപ്പവുമൊക്കെ സിനിമ കാണുമ്പോൾ ഒപ്പമുള്ള ചിലർ എന്താണ് ഇങ്ങനെ പ്രതികരിക്കുന്നതെന്നും പെരുമാറുന്നതെന്നും നമ്മൾ ചിന്തിച്ചിട്ടുണ്ടാവും. ഓരോരുത്തരുടെയും സിനിമാസ്വാദന രീതിയുടെ അടിസ്ഥാനത്തിൽ ഒരാളുടെ സ്വഭാവം മനസിലാക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ഒരാളുടെ സിനിമ കാണൽ രീതികൾ അവരുടെ സാമൂഹിക ബോധത്തെക്കുറിച്ചും മറ്റുള്ളവർക്ക് നൽകുന്ന ബഹുമാനത്തെക്കുറിച്ചും സൂചന നൽകുന്നുവെന്ന് മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തെറാപ്പിസ്റ്റും കൗൺസിലറുമായ ഡോ. റോഷൻ മൻസുഖാനിയാണ് വ്യക്തമാക്കുന്നത്. ഒരാൾക്ക് ചുറ്റുമുള്ളവരുടെ വികാരങ്ങളെയും അനുഭവങ്ങളെയും ബഹുമാനിക്കാനുള്ള കഴിവിനെ ഇത് കാണിക്കുന്നുവെന്നും സാമൂഹിക ബോധത്തിന്റെ പ്രധാന ഘടകമാണെന്നും ഈ പെരുമാറ്റമെന്നും ഡോക്‌ടർ കൂട്ടിച്ചേർത്തു.
ഒരാളുടെ വ്യക്തിത്വ സവിശേഷതകൾ അയാളുടെ സിനിമ കാണുന്ന രീതിയിൽ നിന്ന് തിരിച്ചറിയാൻ സാധിക്കുമെന്ന് ഡോ.മൻസുഖാനി പറഞ്ഞു. സിനിമ കാണുന്നതിനിടെ ഉറക്കെ സംസാരിക്കുകയും മൊബൈൽ ഫോൺ ഉപയോഗിക്കുകയും ചെയ്യുന്ന ഒരാൾ മറ്റുള്ളവരുടെ സുഖസൗകര്യങ്ങളെ പൊതുവെ അവഗണിക്കുന്ന സ്വഭാവമുള്ളയാളാണ് എന്ന് മനസിലാക്കാൻ കഴിയുമെന്നാണ് ഡോക്ടർ പറയുന്നത്.
അതായത് മറ്റുള്ളവർ സിനിമ ആസ്വദിക്കുന്നുണ്ടെന്ന് തരിമ്പും വക വയ്ക്കാതെ ഫോൺ കാൾ എടുക്കുകയും ഉച്ചത്തിൽ സംസാരിക്കുകയും, ഇടയ്ക്കിടെ കമന്റുകൾ പറയുകയും ചെയ്യുന്ന ഒരാളാണ് നിങ്ങളെങ്കിൽ, ഒരു സാമൂഹ്യ വിരുദ്ധ സ്വഭാവം നിങ്ങളുടെ മനോനിലയിൽ ഒളിഞ്ഞു കിടക്കുന്നുണ്ട് എന്നാണ് ഇത് വ്യക്തമാക്കുന്നത്.











Discussion about this post