ന്യൂയോർക്ക്: സ്ഥാപനത്തിലേക്ക് ജീവനക്കാരനെ തേടി ഇലക്ട്രോണിക് വാഹന നിർമ്മാണ ഭീമന്മാരായ ടെസ്ല. ഡാറ്റ കളക്ഷൻ ഓപ്പറേറ്ററുടെ ഒഴിവിലേയ്ക്കാണ് ടെസ്ലയുടെ സ്ഥാപകൻ ഇലോൺ മസ്‌കിന് ആളെ വേണ്ടത്. എട്ടര ലക്ഷം രൂപയാണ് മാസ ശമ്പളം.
കഴിഞ്ഞ ദിവസമാണ് കമ്പനി ആളെ ആവശ്യപ്പെട്ട് അറിയിപ്പ് പുറത്തുവിട്ടത്. ടെസ്ല പുതുതായി രൂപം നൽകുന്ന റോബോട്ടായ ഒപ്റ്റിമസിനെ പരിശീലിപ്പിക്കുകയാണ് ഡാറ്റ കളക്ഷൻ ഓപ്പറേറ്ററുടെ ജോലി. ഏഴ് മണിക്കൂറാണ് ജോലി സമയം. ഓരോ മണിക്കൂറിനും 48 ഡോളർ അഥവാ 4000 രൂപയാണ് കമ്പനി പ്രതിഫലമായി നൽകും. ഇത്തരത്തിൽ ഒരു ദിവസം 28,000 രൂപയും, മാസം 8.40 ലക്ഷം രൂപയും സ്വന്തമാക്കാം. ചികിത്സയുൾപ്പെടെ മറ്റ് ആനുകൂല്യങ്ങളും കമ്പനി നൽകും.
ഏഴ് മണിക്കൂർ തുടർച്ചയായി നടന്ന് വേണം റോബോട്ടുകളെ പഠിപ്പിക്കാൻ. ജോലിക്കാർക്ക് പ്രത്യേക വസ്ത്രം നൽകും. ഇത് ധരിച്ച് നിർദ്ദേശിക്കുന്ന ടെസ്റ്റിംഗ് റൂട്ടുകളിലൂടെ ഇവർ നടക്കണം. വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റും ഇവർക്ക് വിവരങ്ങൾ ശേഖരിക്കാനായി നൽകും. റൂട്ടുകളിലൂടെ നടക്കുന്ന വേളയിൽ ഡാറ്റകൾ ശേഖരിക്കുകയും ഇവ കൃത്യമായി എഴുതുവയ്ക്കുകയും വേണം. അഞ്ച് മുതൽ 11 ഇഞ്ച് വരെ ഉയരം ഉള്ളവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. 30 പൗണ്ട് ഭാരം എടുക്കാനുള്ള കഴിവും വേണം.
ഒപ്റ്റിമസ് എന്ന റോബോട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ 2021ലായിരുന്നു ഇലോൺ മസ്‌ക് പുറത്തുവിട്ടത്. ഹ്യൂമനോയിഡ് റോബോട്ട് ആണ് ഒപ്റ്റിമസ്. മനുഷ്യർ ചെയ്യുന്ന എല്ലാ ജോലികളും ചെയ്യുന്ന റോബോട്ട് എന്നാണ് മസ്‌കിന്റെ സ്വപ്നം. റോബോട്ടുമായി ബന്ധപ്പെട്ട ജോലികൾക്കായി ഇതിനോടകം തന്നെ നിരവധി പേരെയാണ് ഇലോൺ മസ്‌ക് നിയമിച്ചത്.
Discussion about this post