മുംബൈ : ഇന്ത്യൻ സിനിമയിൽ ചരിത്രം സൃഷ്ടിച്ച് ബോളിവുഡ് ചിത്രം സ്ത്രീ 2. ഹൊറർ കോമഡി വിഭാഗത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം എന്ന റെക്കോർഡ് വെറും പത്ത് ദിവസത്തിനുള്ളിൽ സ്വന്തമാക്കിയിരിക്കുകയാണ് സ്ത്രീ 2. 2018ൽ പുറത്തിറങ്ങിയ സ്ത്രീ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. രാജ്കുമാർ റാവു, ശ്രദ്ധ കപൂർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അമർ കൗശിക് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വരുൺ ധവാൻ അതിഥി വേഷത്തിലും എത്തുന്നുണ്ട്. ഈ താരങ്ങളെ കൂടാതെ സ്ത്രീയുടെ ആദ്യഭാഗത്തിൽ പ്രധാന കഥാപാത്രങ്ങളായി ഉണ്ടായിരുന്ന അഭിഷേക് ബാനർജി, പങ്കജ് ത്രിപാഠി, അപാർശക്തി ഖുറാന എന്നിവർ രണ്ടാം ഭാഗത്തിലും തങ്ങളുടെ കഥാപാത്രങ്ങളെ പുനരവതരിപ്പിക്കുന്നു.
ഞായറാഴ്ച ബോക്സ് ഓഫീസ് കളക്ഷനുകൾ ഭേദിച്ച ചിത്രം ആഗോള വരുമാനത്തിൽ ചിത്രം 500 കോടി കടന്നതായി നിർമ്മാതാക്കളായ മഡോക്ക് ഫിലിംസ് അറിയിച്ചു.
ഇന്ത്യയിൽ നിന്ന് 426 കോടിയും വിദേശ വിപണിയിൽ നിന്ന് 78.5 കോടിയും ആണ് ചിത്രം നേടിയിരിക്കുന്നത്. ചന്ദേരി പട്ടണത്തെ സംരക്ഷിക്കുന്ന കാവൽക്കാരിയായ സ്ത്രീ എന്ന ആത്മാവിനെ കുറിച്ചാണ് ഈ ചിത്രം പ്രതിപാദിക്കുന്നത്. എല്ലാ വർഷവും നാല് ദിവസത്തെ മതപരമായ ഉത്സവ വേളയിൽ സ്ത്രീയുടെ ആത്മാവ് പട്ടണത്തിലെ പുരുഷന്മാരെ പിന്തുടരുകയും അവരുടെ പേരുകൾ മന്ത്രിക്കുകയും അവളെ തിരിഞ്ഞുനോക്കിയാൽ ആത്മാവ് കൂടെ കൂടും എന്നും ആണ് ചന്ദേരിയിലെ വിശ്വാസം. ഹൊറർ കോമഡി വിഭാഗത്തിൽ 2018 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യഭാഗത്തിനും മികച്ച പ്രേക്ഷക പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത്.
Discussion about this post