തൃശൂർ: ഇന്ന് കൃഷ്ണ ജന്മാഷ്ടമി. ധർമ്മ സംസ്ഥാപനത്തിനായും ലോകത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താനുമായി മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണൻ ഭൂജാതനായി ദിവസം. ചിങ്ങമാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം തിഥിയിലാണ് ഗോപികമാരുടെ മനം കവർന്ന കാർ വർണ്ണൻ ഈ ലോകത്തേക്ക് വന്നത്.
മലയാളികൾക്ക് കൃഷ്ണൻ എന്ന പേര് കേൾക്കുമ്പോൾ മനസിലേക്കെത്തുന്നത് ഗുരുവായൂർ അമ്പലമാണ്. കൃഷ്ണൻ എന്നാൽ നമുക്ക് ഗുരുവായൂരപ്പനാണ്. തൃശ്ശൂരിൽ നിന്ന് ഏകദേശം 33 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗുരുവായൂർ ക്ഷേത്രം ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നാണ്. ദക്ഷിണമേഖലയിലെ ദ്വാരക എന്നും ഇത് കണക്കാക്കപ്പെടുന്നു.
ഭഗവാൻ കൃഷ്ണന്റെ സ്വർഗ്ഗാരോഹണത്തിനും ദ്വാരക നഗരം വെള്ളത്തിൽ മുങ്ങിപ്പോയതിനും ശേഷം കൃഷ്ണ വിഗ്രഹം സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ചുമതല വായുദേവനെയും ദേവ ഗുരുവായ ബ്രഹസ്പതിയിലും വന്നു ചേർന്നു. . നീണ്ട അന്വേഷണത്തിനൊടുവിൽ, ഗുരുവായ പരശുരാമൻ്റെ നിർദ്ദേശ പ്രകാരം ഗുരുവും വായുവും ചേർന്ന് ഇപ്പോൾ കാണുന്ന ക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്ഠിച്ചതായി പറയപ്പെടുന്നു. ഗുരുവും വായുവും ചേർന്ന് കൃഷ്ണ വിഗ്രഹം പ്രതിഷ്ഠിച്ചതിനാലാണ് ഈ സ്ഥലത്തിന് ഗുരുവായൂർ എന്ന പേര് ലഭിച്ചത്.
അതേസമയം കണ്ണന്റെ പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട കൃഷ്ണ ക്ഷേത്രം. വൈകീട്ടോടെ നാടും നഗരവും ശോഭയാത്രകൾ കീഴടക്കും. പുലർച്ചെ മുതൽ ക്ഷേത്രത്തിൽ ഭക്തരുടെ നീണ്ടനിരയാണ് ദൃശ്യമാകുന്നത്.
രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ചശീവേലി, രാത്രി വിളക്ക് എഴുന്നള്ളിപ്പ്. രാവിലെ പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ മേളം, ഉച്ചകഴിഞ്ഞ് വൈക്കം ചന്ദ്രന്‍റെ പ്രമാണത്തിൽ പഞ്ചവാദ്യം . സന്ധ്യയ്ക്ക് ഗുരുവായൂർ ശശി മാരാരുടെ തായമ്പക, രാത്രി പഞ്ചവാദ്യം, ശശി മാരാരും ഗുരുവായൂർ മുരളിയും നയിക്കുന്ന ഇടയ്ക്ക നാഗസ്വര മേളത്തോടെ വിളക്ക് എഴുന്നള്ളിപ്പ് എന്നിവയാണ് ചടങ്ങ് ഇതിനു ശേഷം രാത്രി 12:30യോടെ നടയടയ്ക്കും.
Discussion about this post