തിരുവനന്തപുരം : കഴക്കൂട്ടത്ത് നിന്നും കാണാതായിരുന്ന അസം സ്വദേശിനിയായ 13കാരിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുക്കും. കുട്ടിക്ക് മാതാപിതാക്കളോടൊപ്പം പോകാൻ താല്പര്യമില്ല എന്ന് അറിയിച്ചതിനെ തുടർന്നാണ് സി ഡബ്ല്യു സി കുട്ടിയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചത്. 13 വയസ്സുകാരിയായ കുട്ടിയെയും ഈ കുട്ടിയുടെ സഹോദരങ്ങളേയും ഏറ്റെടുക്കാനാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ തീരുമാനം. കുട്ടിയുടെ മാതാപിതാക്കളും ഇക്കാര്യത്തിൽ പൂർണ്ണസമ്മതം നൽകിയിട്ടുണ്ട്.
അമ്മ തന്നെക്കൊണ്ട് കുറേ ജോലി ചെയ്യിപ്പിക്കും എന്നും എപ്പോഴും അടിക്കും എന്നും 13 വയസ്സുകാരി സിഡബ്ല്യുസിക്ക് മൊഴി നൽകിയിരുന്നു. വീട്ടിലെ മൂത്ത കുട്ടി ആയതിനാൽ എല്ലാ കാര്യത്തിനും തനിക്കായിരുന്നു വഴക്ക് കേൾക്കേണ്ടി വന്നിരുന്നത്. പഠിക്കണമെന്ന് തനിക്ക് വലിയ ആഗ്രഹമാണ്. ഇതെല്ലാം കൊണ്ടാണ് വീട് വിട്ട് അസമിലേക്ക് തിരികെ പോകാൻ ശ്രമിച്ചത് എന്നും പെൺകുട്ടി സിഡബ്ല്യുസിയെ അറിയിച്ചു.
കേരളത്തിൽ വന്നിട്ട് അധികം കാലം ആയിട്ടില്ലെങ്കിലും കേരളം ഇഷ്ടമാണെന്നും പെൺകുട്ടി അറിയിച്ചു. സാധിക്കുമെങ്കിൽ കേരളത്തിൽ തന്നെ പഠിക്കണം എന്നാണ് ആഗ്രഹമെന്ന് കുട്ടി അറിയിച്ചതായി സിഡബ്ല്യുസി ചെയർപേഴ്സൺ ഷാനിബാ ബീഗം വ്യക്തമാക്കി. കുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഈ കുട്ടിയെയും താഴെയുള്ള മറ്റു കുട്ടികളെയും ഏറ്റെടുക്കാൻ സിഡബ്ല്യുസി സന്നദ്ധത അറിയിച്ചത്. കുട്ടികളുടെ മാതാപിതാക്കൾ ഇതിന് സമ്മതം നൽകുകയും ചെയ്തു.
Discussion about this post