ഇസ്ലാമാബാദ്: ഈ കഴിഞ്ഞ ദിവസമാണ് പാകിസ്താൻ ബാറ്റിങ്നിരയെ തകർത്തെറിഞ്ഞ് ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രജയം നേടിയത്. ആദ്യ ടെസ്റ്റിൽ പത്തു വിക്കറ്റ് വിജയമാണ് ബംഗ്ലദേശ് റാവൽപിണ്ടി സ്റ്റേഡിയത്തിൽ നേടിയത്. അവസാന ദിവസം രണ്ടാം ഇന്നിങ്‌സിൽ 30 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലദേശ് 6.3 ഓവറിൽ വിക്കറ്റു പോകാതെ വിജയത്തിലെത്തുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായാണ് ബംഗ്ലദേശ് പാകിസ്താനെ തോൽപ്പിക്കുന്നത്. ഇതോടെ സ്വന്തം നാട്ടിൽ ആദ്യമായി ബംഗ്ലാദേശിനോട് തോൽക്കേണ്ടി വന്നു എന്ന നാണക്കേടും പാകിസ്തന് ഉണ്ടായി.
ഇപ്പോഴിതാ പാകിസ്താൻ തോറ്റതിന് പിന്നിൽ ഇന്ത്യയ്ക്കും പങ്കുണ്ടെന്നാണ് മുൻ താരം റമീസ് രാജ പറയുന്നത്. കഴിഞ്ഞ ഏഷ്യാ കപ്പിൽ ഇന്ത്യൻ ബാറ്റർമാർ പാകിസ്താൻ പേസർമാരെ പ്രഹരിച്ചതാണ് തോൽവിയിലേക്ക് വഴിവെച്ചതെന്നാണ് അദ്ദേഹം പറയുന്നു. പാക് പേസർമാരെ നേരിടാൻ മുൻപ് ബാറ്റർമാർ അൽപം പേടിച്ചിരുന്നുവത്രേ.. എന്നാൽ, ആ അവസ്ഥയ്ക്ക് കഴിഞ്ഞ ഏഷ്യാ കപ്പിൽ ഇന്ത്യ മാറ്റമുണ്ടാക്കി. പേസർമാർക്കെതിരേ ഇന്ത്യ ആക്രമിച്ചുകളിച്ച് ആധിപത്യം നേടി. ഇതോടെ പാക് പേസർമാർക്കെതിരേ ആക്രമണമാണ് മറുമരുന്നെന്ന് മറ്റു രാജ്യങ്ങൾ മനസ്സിലാക്കിയെന്ന് റമീസ് രാജ അഭിപ്രായപ്പെട്ടു.
റമീസ് രാജയുടെ പ്രതികരണത്തിന് പിന്നാലെ നിരവധി ട്രോളുകളും നിറയുകയാണ്. മാറിയിരുന്ന് പൊട്ടിക്കരയൂ എന്നാണ് ക്രിക്കറ്റ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.
Discussion about this post