ന്യൂഡൽഹി : ആന്ധ്രപ്രദേശ് ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർസിപിക്ക് വീണ്ടും കനത്ത തിരിച്ചടി. വൈഎസ്ആർസിപിയുടെ രണ്ട് രാജ്യസഭാ എംപിമാർ രാജിവെച്ചു. പാർട്ടിയിൽ നിന്നും രാജ്യസഭ അംഗത്വത്തിൽ നിന്നുമാണ് എംപിമാർ രാജി വെച്ചിട്ടുള്ളത്. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻഖർ ഇവരുടെ രാജി സ്വീകരിച്ചു.
മോപിദേവി വെങ്കിട്ടരമണ, ബേദ മസ്താൻ റാവു എന്നീ രണ്ട് വൈഎസ്ആർസിപി എംപിമാർ ആണ് രാജിവെച്ചത്. 2026 ജൂൺ വരെയും 2028 ജൂൺ വരെയും രാജ്യസഭയിൽ കാലാവധിയുള്ള എംപിമാരാണ് രാജി വെച്ചിരിക്കുന്നത്. രണ്ട് എംപിമാരും തെലുങ്കുദേശം പാർട്ടിയിൽ ചേരുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
ടിഡിപി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡുവുമായി രാജിവെച്ച രണ്ട് എംപിമാരും അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ എംപിമാർ രാജി സമർപ്പിച്ചിരിക്കുന്നത്. രാജിവെച്ച എംപിമാർ ടിഡിപിയിൽ നിന്ന് വീണ്ടും രാജ്യസഭാ എംപിമാരായി തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ എൻഡിഎയുടെ രാജ്യസഭാംഗങ്ങളുടെ എണ്ണം ഇനിയും വർദ്ധിക്കുന്നതായിരിക്കും.
Discussion about this post