ന്യൂഡൽഹി : ഇന്ത്യയിൽ തരംഗമാകാൻ ഒരുങ്ങുകയാണ് ആൻഡ്രോയ്ഡ് അധിഷ്ഠിത സിആർഎമ്മുകൾ. ക്യാഷ് റീസൈക്ലിംഗ് മെഷീൻ എന്ന സിആർഎമ്മുകൾ വഴി വിവിധ ബാങ്കിംഗ് സേവനങ്ങൾ നിങ്ങൾക്ക് സ്വയം ചെയ്തു തീർക്കാൻ കഴിയുന്നതാണ്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്ന് ഹിറ്റാച്ചി പേയ്മെന്റ് സർവീസസ് ആണ് ഇന്ത്യയിലെ ആദ്യ ആൻഡ്രോയ്ഡ് അധിഷ്ഠിത സിആർഎം അവതരിപ്പിക്കുന്നത്.
ഗ്രാമ,നഗര വേർതിരിവില്ലാതെ എവിടെവെച്ചും ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കാൻ കഴിയും എന്നുള്ളതാണ് സിആർഎം നൽകുന്ന പ്രധാന ഗുണം. പണം നിക്ഷേപിക്കൽ, അക്കൗണ്ട് തുടങ്ങൽ, പേഴ്സണൽ ലോണിന് അപേക്ഷിക്കൽ, ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കൽ, ക്യു ആർ കോഡ് ഉപയോഗിച്ച് യുപിഐ വഴി പണം പിൻവലിക്കൽ, ഫാസ്ടാഗ് റീചാർജ് ചെയ്യൽ എന്നിവയെല്ലാം സിആർഎം വഴി ചെയ്യാൻ സാധിക്കുന്നതാണ്.
എടിഎം മെഷീനുകളുടെ രീതിയിൽ എല്ലാ ദിവസങ്ങളിലും മുഴുവൻ സമയവും പ്രവർത്തിക്കും എന്നുള്ളതിനാൽ ബാങ്ക് അവധികൾ പോലെയുള്ള പ്രശ്നങ്ങൾ ബാധിക്കാതെ വിവിധ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കാൻ സിആർഎം സഹായകരമാകുന്നതാണ്. എടിഎമ്മിലേത് പോലെ കാർഡുകൾ കൈവശം കൊണ്ട് നടക്കേണ്ട ആവശ്യമില്ലാതെ മൊബൈൽ ഫോണിലൂടെ ക്യു ആർ കോഡുകൾ വഴി പണമിടപാടുകൾ നടത്താനും സാധിക്കും എന്നുള്ളത് സിആർഎമ്മിനെ കൂടുതൽ ജനപ്രിയമാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Discussion about this post