തിരുവനന്തപുരം: തന്റെ ജീവിതത്തിൽ നടന്ന എല്ലാ വിവാദങ്ങളും കോളിളക്കങ്ങളും വരികളിലേയ്ക്ക് പകർത്തുന്നതിന്റെ അന്തിമ ഘട്ടത്തിലാണ് ഇടത് മുന്നണി കൺവീനർ സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട ഇപി ജയരാജൻ. ജീവിതത്തിലെ എല്ലാ സംഭവങ്ങളെ കുറിച്ചും ഒടുവിൽ സംഭവിച്ച രാജിയും അതിന് കാരണമായ വിവാദങ്ങളെ കുറിച്ചും ഇപി തന്റെ ആത്മകഥയിൽ മനസ് തുറക്കാനൊരുങ്ങുകയാണ്. ആത്മകഥയുടെ അവസാന ലാപ്പിലാണ് താനെന്ന് ഇപി വ്യക്തമാക്കി. എന്താണ് ആത്മകഥയിലെന്ന് ഇപിയുടെ തുറന്ന് പറച്ചിലുകളെ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.
ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് ഇപിയ്ക്കുണ്ടായ പരിമിതികളും തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായ പ്രസ്താവനകളിൽ നിന്നും ഉയർന്ന് വന്ന അഭിപ്രായ ഭിന്നതകളുമാണ് സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റാൻകാരണമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നെല നൽകിയ വിശദീകരണം. മുൻ കേന്ദ്രമന്ത്രി കേരളത്തിന്റെ പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചയാണ് സ്ഥാനം നഷ്ടമാകാൻ കാരണം ആയത്. കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഇപി ജയരാജനെതിരെ നേതൃത്വം തന്നെ ശക്തമായി രംഗത്ത് എത്തിയിരുന്നു. ഇപിയും പാർട്ടിയും തമ്മിൽ അസ്വാരസ്യങ്ങളും തുടർന്നു.
എന്നാൽ, സംഭവത്തിൽ പ്രതികരിക്കാൻ ഇപി ജയരാജൻ ഇതുവരെയും തയ്യാറായിട്ടില്ല. തനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് അറിയിച്ചോളാം എന്നായിരുന്നു കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങൾക്ക് അദ്ദേഹം നൽകിയ മറുപടി. കഴിഞ്ഞ ദിവസം എംവി ഗോവിന്ദന്റെ വാർത്താ സമ്മേളനത്തിന് ശേഷം ഇപി പ്രതികരിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.
Discussion about this post