തിരുവനന്തപുരം: ഇപി ജയരാജൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതോടെ പദവികൾ ഇല്ലാത്ത അവസ്ഥയിലായതിനാലാണ് രാഷ്ട്രീയം മതിയാക്കുന്നതിനെക്കുറിച്ച് അദ്ദേഹം ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതിനുള്ള ആദ്യപടിയായി നേതൃത്വത്തിന് അവധി അപേക്ഷ നൽകാനും സാധ്യത ഉണ്ടെന്നാണ് കരുതപ്പെടുന്നത്.
മന്ത്രിയായിരിക്കുമ്പോഴുണ്ടായ ബന്ധുനിയമന വിവാദം തൊട്ടാണ് ഇ.പിക്ക് തിരിച്ചടി തുടങ്ങിയത്. ബന്ധു നിയമനത്തെ തുടർന്ന് മന്ത്രിസഭയിലെ രണ്ടാമൻ എന്ന പദവി ഇ പി ജയരാജന് കൈമോശം വരുകയായിരുന്നു. പാർട്ടിയിലെ പവർ ഗ്രൂപ്പായ കണ്ണൂർ ലോബിയുടെ പിന്തുണയും ഇതോടെ അദ്ദേഹത്തിന് ഇല്ലാതായി . ആയുർവേദ റിസോർട്ടിന്റെ മറവിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം വന്നതും തിരിച്ചടിയായി. ഇത് സംസ്ഥാനസമിതിയിൽ ഉന്നയിച്ചത് പി.ജയരാജനാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. സ്വന്തം തട്ടകത്തിൽ നിന്നുള്ള നേതാക്കളുടെ മാത്രമല്ല പ്രവർത്തകരുടെ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.
കോടിയേരിയുടെ വിയോഗത്തിനുശേഷം പാർട്ടി സെക്രട്ടറി സ്ഥാനം കിട്ടുമെന്ന് ഇപി ഉറച്ചുവിശ്വസിച്ചിരുന്നു. എന്നാൽ അതും ലഭിച്ചില്ലെന്ന് മാത്രമല്ല പോളിറ്റ് ബ്യൂറോയിലും ഉൾപെട്ടില്ല. ഇതിനെയൊക്കെ തുടർന്ന് ഇ പി പാർട്ടി സമ്മേളനങ്ങളിലും മീറ്റിങ്ങുകളിലും പലവട്ടം തന്റെ നീരസം വെളിപ്പെടുത്തിയിരുന്നു.
ഏറ്റവും അവസാനമായി ജാവദേക്കറുമായി സംസാരിച്ചു എന്ന വിഷയം കൂടെ വന്നതോടെ പാർട്ടിയിലെ ഒരു കാലത്തേ ശക്തി കേന്ദ്രമായിരുന്ന ഇ പി ജയരാജന്റെ കാലഘട്ടം അവസാനിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ മറ്റു വഴികളൊന്നും ഇല്ലാതെ ഇടതു പക്ഷവുമായുള്ള തന്റെ സജീവ രാഷ്ട്രീയം അവസാനിപ്പിക്കാൻ ഇ പി തീരുമാനിച്ചിരിക്കുന്നത്.
Discussion about this post