ഡല്‍ഹി: മതവിശ്വാസം വ്യക്തി സ്വാതന്ത്ര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഏത് മതത്തില്‍ വിശ്വസിക്കണമെന്നത് വ്യക്തിപരമായ കാര്യമാണ്. മതസൗഹാര്‍ദ്ദം ഇന്ത്യന്‍ സംസ്‌ക്കാരമാണെന്നും നരേന്ദ്രമോദി പറഞ്ഞു. ഡല്‍ഹിയില്‍ സീറോ മലബാര്‍ സഭ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
സ്വന്തം വിശ്വാസം പാലിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എല്ലാ മതങ്ങള്‍ക്കും തുല്യമായ ബഹുമാനവും, അവകാശവും നല്‍കും. സ്വന്തം വിശ്വാസം പാലിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉറപ്പാക്കും. എല്ലാ മതങ്ങളിലും സത്യമുണ്ടെന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകളെ അനുസ്മരിച്ച മോദി അതാണ് തന്റെ സര്‍ക്കാരിന്റെ നയമെന്നും പറഞ്ഞു. മതത്തിന്റെ പേരിലുള്ള തീവ്രവാദത്തെയും രക്‌തചൊരിച്ചിലിനേയും, അത് ഭൂരിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായാലും ന്യൂനപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായാലും ശക്തമായി എതിര്‍ക്കും. ബുദ്ധന്റേയും, ഗാന്ധിജിയുടേയും നാട്ടില്‍ മതവിദ്വേഷം പാടില്ലെന്നും മോദി പറഞ്ഞു.
ഡല്‍ഹിയില്‍ കൃസ്ത്യന്‍ പള്ളികള്‍ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും.
മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രവര്‍ത്തികള്‍ അനുവദിക്കില്ല. അത്തരത്തിലുള്ള എല്ലാ നടപടികളെയും ശക്തമായി അപലപിക്കുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു. താന്‍ എല്ലാവരെയും ഒരിമിച്ച് കൊണ്ട് പോകാനാണ് ഉദ്ദേശിക്കുന്നത്. നാട്ടില്‍ വികസനമുണ്ടാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എല്ലാവര്‍ക്കും വീട്, ഭക്ഷണം, വൈദ്യുതി തുടങ്ങിയ ലക്ഷ്യങ്ങളാണ് തനിക്ക് മുന്നിലുള്ളത്. ആ ലക്ഷ്യം കൈവരിക്കുന്നതിനായി ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പടെ എല്ലാവരും തന്നോടോപ്പമുണ്ടാകണമെന്നും മോദി പറഞ്ഞു. ഘര്‍വാപ്‌സി, ഇന്ത്യയില്‍ മതസഹിഷ്ണുത കുറയുന്നു എന്ന ഒബാമയുടെ പ്രസ്താവന എന്നിവയ്ക്ക് ശേഷം ഇതാദ്യമായാണ് ഈ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കുന്നത്. ഒരു വിവാദത്തെയും പരാമര്‍ശിക്കാതെയായിരുന്നു മോദിയുടെ വിശദീകരണം.
ഇതിനിടെ മതപരിവര്‍ത്തന നിയമത്തിനെതിരെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രംഗത്തെത്തി. മതപരിവര്‍ത്തനം വ്യക്തിപരമായ കാര്യമാണ്. മതപരിവര്‍ത്തനത്തിനെതിരായ നിയമങ്ങള്‍ മതസ്പര്‍ദ്ധയുണ്ടാക്കുമെന്നും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു.
ആലഞ്ചേരി. ഉദ്ഘാടകനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു കര്‍ദ്ദിനാളിന്റെ പ്രസംഗം
Discussion about this post