ന്യൂഡൽഹി: ഇന്ത്യൻ എയർലൈൻസ് 814 ( ഐസി 814) വിമാനം റാഞ്ചിയതിന് പിന്നിൽ പാകിസ്താനാണെന്ന് ഇന്ത്യയുടെ മുൻ പാക് ഹൈക്കമ്മീഷണറായ ഗോപാലസ്വാമി പാർത്ഥസാരഥി. അൽ ഖ്വയ്ദ ഭീകരർക്ക് മാത്രമല്ല സംഭവത്തിൽ പങ്കുള്ളത്. എല്ലാം പാകിസ്താൻ പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഐസി 814 വിമാനം റാഞ്ചിയ സംഭവം നടക്കുമ്പോൾ അദ്ദേഹം ആയിരുന്നു പാകിസ്താനിലെ ഇന്ത്യയുടെ ഹൈക്കമ്മീഷണർ.
വിമാനം റാഞ്ചിയതിന് പിന്നിൽ പാകിസ്താന്റെ പൂർണമായ പങ്കാളിത്തം ഉണ്ടായിരുന്നു. ഭീകരർ പാകിസ്താനികൾ ആണ്. വിട്ടയച്ചവർ പാകിസ്താനികൾ ആണ്. അൽഖ്വയ്ദയ്ക്ക് പാകിസ്താനുമായി പറയത്തക്ക ആഴത്തിലുള്ള ബന്ധമില്ല. പാക് സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്ന ചാരസംഘടനയായ ഐഎസ്‌ഐ ആണ് ഇതിനെല്ലാം പിന്നിലെന്നും ഗോപാലസ്വാമി കൂട്ടിച്ചേർത്തു.
താലിബാൻ എന്നത് ഐഎസ്‌ഐയുടെ വികസിത രൂപമാണ്. വിമാനം റാഞ്ചിയതിന് പിന്നാലെ പാകിസ്താൻ നടത്തിയ പ്രതികരണം ഇരട്ടത്താപ്പ് ആയിരുന്നു. സംഭവം അറിഞ്ഞപ്പോൾ തന്റെ ഉദ്യോഗസ്ഥരെ കാണ്ഡഹാറിലേക്ക് പറഞ്ഞയക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ പാകിസ്താൻ സർക്കാർ ഇത് തടഞ്ഞു. ഇതിൽ നിന്നുമാണ് പാകിസ്താന്റെ ഇരട്ടത്താപ്പ് തനിക്ക് വ്യക്തമായത്.
താൻ ഒറ്റയ്ക്ക് വിമാനത്തിന്റെ അടുത്തേയ്ക്ക് (ലാഹോറിലേക്ക്) പോകാൻ ശ്രമിച്ചു. എന്നാൽ തന്റെ വിമാനം സർക്കാർ ഇടപെട്ട് വൈകിച്ചു. പരാതി പറഞ്ഞപ്പോൾ ഹെലികോപ്റ്റർ നൽകി. എന്നാൽ പാതി വഴിയിൽ എത്തിയപ്പോഴേയ്ക്കും വിമാനം ലാഹോറിൽ നിന്നും പുറപ്പെട്ടുവെന്ന സന്ദേശം ആണ് തനിക്ക് ലഭിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post