അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയിൽ ചേർന്നു. ജഡേജയുടെ ഭാര്യയും ജാംനഗർ എംഎൽഎയുമായ റിവാബ ജഡേജയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ബിജെപിയിൽ അംഗത്വമെടുത്ത കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഇരുവരുടേയും ബിജെപി മെമ്പർഷിപ്പ് കാർഡുകൾ ഉൾപ്പെടെയാണ് റിവാബയുടെ പോസ്റ്റ്.
സെപ്റ്റംബർ രണ്ടിന് ഡൽഹിയിൽ ബിജെപിയുടെ മെമ്പർഷിപ്പ് ഡ്രൈവിന് തുടക്കം കുറിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗത്വം പുതുക്കിയ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയാണ് മെമ്പർഷിപ്പ് ഡ്രൈവിന് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായാണ് ജഡേജയും പാർട്ടിയിൽ അംഗത്വമെടുത്തിരിക്കുന്നത്.
റിവാബ 2019 മുതൽ ബിജെപി അംഗമാണ്. 2022-ൽ ജാംനഗർ നിയമസഭാ സീറ്റിൽ നിന്ന് പാർട്ടി മത്സരിപ്പിക്കുകയും ചെയ്തു. ആം ആദ്മി പാർട്ടി സ്ഥാനാർഥി കർഷൻഭായ് കർമൂറിനെ പരാജയപ്പെടുത്തി അവർ നിയമസഭയിലെത്തിയിരുന്നു. ഇന്ത്യയുടെ ടി20 ലോകകപ്പ് ജയത്തിനു പിന്നാലെ രവീന്ദ്ര ജഡേജ ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു.
Discussion about this post