തിരുവനന്തപുരം : ഓണാഘോഷം കെങ്കേമമാക്കാൻ കിടിലൻ ടൂർ പാക്കേജുകൾ അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി. ഓണം ഇത്തവണ കരയിലും കായലിലും ആയി ആഘോഷിക്കാനായി ബസ്-ബോട്ട് കോംബോ ടൂർ പാക്കേജുകളും കെഎസ്ആർടിസി അവതരിപ്പിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ സംസ്ഥാന ജലഗതാഗത വകുപ്പുമായി ചേർന്നാണ് ബസ്-ബോട്ട് കോംബോ ടൂറുകൾ അവതരിപ്പിക്കുന്നത്.
കെഎസ്ആർടിസിയുടെ സ്പെഷ്യൽ ബസുകളിൽ എത്തിയശേഷം ആഡംബര ബോട്ടുകളിൽ മനോഹരമായ കായൽ യാത്ര ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ടൂർ പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്. ആലപ്പുഴയിൽ വേഗ -1, സീ കുട്ടനാട് എന്നീ ബോട്ടുകളിലും കൊല്ലത്ത് സീ അഷ്ടമുടി ബോട്ടിലും, എറണാകുളത്ത് ഇന്ദ്ര ബോട്ടിലും ആണ് കെഎസ്ആർടിസി ടൂർ പാക്കേജുകൾ ഒരുക്കിയിട്ടുള്ളത്. കൂടാതെ കണ്ണൂർ പറശ്ശിനിക്കടവിൽ ബോട്ടിന്റെ മുകളിൽ ഡക്കിൽ നിന്ന് യാത്ര ചെയ്യാൻ കഴിയുന്ന പ്രത്യേക പാക്കേജും ഓണാഘോഷത്തിനായി ഒരുക്കിയിട്ടുണ്ട്.
തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, പുനലൂർ, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ നിന്നും പുറപ്പെടുന്ന രീതിയിൽ പ്രത്യേക ടൂർ പാക്കേജുകൾ നടത്താനും കെഎസ്ആർടിസി ഉദ്ദേശിക്കുന്നുണ്ട്. കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്നായി 250 ഓളം ടൂർ പാക്കേജുകൾ ആണ് ബജറ്റ് ടൂറിസം സെൽ തയ്യാറാക്കിയിട്ടുള്ളത്. നവീകരിച്ച പഴയ സൂപ്പർ ഡീലക്സ് ബസ്സുകൾ ഉൾപ്പെടെയുള്ളവ ഈ ടൂർ പാക്കേജുകൾക്കായി കെഎസ്ആർടിസി ഉപയോഗിക്കുന്നതായിരിക്കും.
Discussion about this post