ഹൈദരാബാദ് : വിദ്യാർത്ഥികളെ ആകർഷിക്കാൻ വിസ്കി ഫ്ലേവേർഡ് ഐസ്ക്രീം എന്ന പുതിയ ട്രെൻഡ് പുറത്തിറക്കിയ കഫേ ഉടമ അറസ്റ്റിൽ. പുതിയ ഐസ്ക്രീം സമൂഹമാദ്ധ്യമങ്ങളിൽ അടക്കം വലിയ തരംഗമായി മാറിയതോടെ നിരവധി വിദ്യാർത്ഥികൾ ആയിരുന്നു ഈ കഫേയിൽ വന്നുകൊണ്ടിരുന്നത്. ഒടുവിൽ നാട്ടുകാർക്ക് ചില സംശയങ്ങൾ തോന്നിയതാണ് ഇപ്പോൾ കഫേ ഉടമയുടെ അറസ്റ്റ് വരെ എത്തിച്ചേർന്നിരിക്കുന്നത്.
ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ പ്രവർത്തിച്ചിരുന്ന കഫേയിലാണ് സംഭവം നടന്നത്.
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി ഐസ്ക്രീമിൽ യഥാർത്ഥ വിസ്കി കലർത്തിയാണ് ഇവിടെ വിൽപ്പന നടത്തിയിരുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും വിസ്കിയും വിസ്കി ചേർത്ത ഐസ്ക്രീമും പിടിച്ചെടുത്തു.
കഫേ ഉടമസ്ഥരായ ദയാകർ റെഡ്ഡി, ശോഭൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു കിലോഗ്രാം ഐസ്ക്രീമിൽ 100 മില്ലി ലിറ്റർ വിസ്കി വീതം കലർത്തിയായിരുന്നു ഇവർ വില്പന നടത്തിയിരുന്നത്. എക്സൈസ് എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനയെ തുടർന്ന് ഈ കഫേയിൽ നിന്നും പതിനൊന്നര കിലോ വരുന്ന വിസ്കി ചേർത്ത ഐസ്ക്രീം ആണ് പിടികൂടിയത്.
Discussion about this post