ഭൂമിയിലെത്താൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ, കത്തിയമർന്ന് ഛിന്നഗ്രഹം. ബുധനാഴ്ച്ച ഉച്ചയോടെ, ഫിലിപ്പീൻസിലെ ലുസോൺ ദ്വീപിന് മുകളിലൂടെയാണ് ഛിന്നഗ്രഹം കത്തിജ്വലിച്ചത്. ഒരു മീറ്ററോളം വലിപ്പമുള്ള ഛിന്നഗ്രഹം അന്തരീക്ഷത്തിൽ വിഘടിച്ചതായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ സ്ഥിരീകരിച്ചു.
2024 RW1 എന്ന ഛിന്നഗ്രഹമാണ് ഭൂമിയിലെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തീജ്വാലയായി മാറിയത്. മനോഹരമായ ഈ ബഹിരാകാശ ദൃശ്യം നിരവധി പേരാണ് ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്. പച്ച നിറത്തിലുള്ള ഒരു വെളിച്ചം മേഘങ്ങൾക്കിടയിൽ നിന്ന് വരുന്നത് വീഡിയോയിൽ കാണാം. പിന്നീട് ഇത് ഒരു തീഗോളമായി ജ്വലിക്കുന്നു. ഓറഞ്ച് നിറത്തിലുള്ള വാലോട് കൂടിയ ഈ തീഗോളം അന്തരീക്ഷത്തിലൂടെ അതിവേഗത്തിൽ പോവുന്നതും നിമിഷ നേരം കൊണ്ട് അത് മേഘങ്ങൾക്കിടയിലേക്ക് അപ്രത്യക്ഷമാകുന്നതും വീഡിയോയിൽ കാണാം.
https://x.com/chaekkungs/status/1831395406112227586
യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ കണക്കനുസരിച്ച് ആഘാതത്തിന് മുമ്പ് തന്നെ കണ്ടെത്തുന്ന ഒമ്പതാമത്തെ ഛിന്നഗ്രഹമാണ് 2024 RW1. ഭൂമിയ്ക്ക് സമീപമുള്ള വസ്തുക്കളുടെ സാന്നിധ്യം മുൻകൂട്ടി തിരിച്ചറിയാൻ കഴിയുന്ന ശാസ്ത്രജ്ഞരുടെ വർദ്ധിച്ചുവരുന്ന ശേഷി എത്രമാത്രമാണെന്ന് ഈ സംഭവം ഉറപ്പിക്കുന്നു. നേരത്തെ തന്നെ ഛിന്നഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോവുന്നതിനെ കുറിച്ച് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു.
Discussion about this post