ഡല്‍ഹി: പത്താന്‍കോട്ടില്‍ മലയാളിയായ ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന് കുമാര്‍ കൊല്ലപ്പെടാനിടയായത് ഭീകരര്‍ പ്രയോഗിച്ച പുതിയൊരു തന്ത്രത്തിലെന്ന് ദേശീയ സുരക്ഷാ സേന (എന്‍എസ്ജി) യിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്. ഭീകര വിരുദ്ധ നടപടികള്‍ക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് നല്കുന്ന വിദഗ്ധ പരിശീലനത്തില്‍ ഇനിയും ഉള്‍പെടുത്തിയിട്ടില്ലാത്ത തന്ത്രത്തിലൂടെയാണ് ഭീകരര്‍ ഇന്ത്യന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥന്റെ ജീവനെടുത്തതെന്നാണ് അദ്ദേഹം പറയുന്നത്.
ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹം പരിശോധിക്കാന്‍ നിരഞ്ജന് മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ കൂടാതെയാണ് പോയതെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇതു ശരിയല്ലെന്നും ഭീകര വിരുദ്ധ നടപടികള്‍ക്ക് പോകുമ്പോള്‍ കൈക്കൊള്ളേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ നിരഞ്ജന് പാലിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മൃതദേഹം പരിശോധിക്കാനെത്തുന്ന സൈനികരെ പോലും ലക്ഷ്യമിടുന്ന ഭീകരരുടെ ഈ പുതിയ നീക്കം അവര്‍ രൂപം കൊടുത്ത പുതിയ തന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു നീക്കത്തിനുള്ള സാധ്യതയെക്കുറിച്ച യാതൊരു സൂചനയും സൈന്യത്തിന് ലഭിച്ചിരുന്നില്ല.
സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹം പരിശോധിക്കവെ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന് കുമാര്‍ കൊല്ലപ്പെട്ടത്. ഭീകരന്റെ മൃതദേഹത്തില്‍നിന്നും നിരഞ്ജന് ഗ്രനേഡ് പുറത്തെടുത്ത ഉടനെ ഇത് പൊട്ടിത്തെറിക്കുകയായിരുന്നു.
Discussion about this post