വാഷിംഗ്‌ടൺ: ലോകത്തെ ഇന്റർനെറ്റ് ഉപയോഗം പഠിപ്പിച്ച പ്രധാന വ്യക്തികളുടെ പേരെടുത്താൽ അതിൽ തീർച്ചയായും ബിൽ ഗേറ്റ്സ് ഉണ്ടാകും. ആപ്പിളും മൈക്രോ സോഫ്‌റ്റും ചേർന്ന് പേർസണൽ കമ്പ്യൂട്ടറുകളെ ഇത്രയും ജനപ്രിയം ആക്കിയില്ലായിരുന്നുവെങ്കിൽ ഇന്റർനെറ്റ് ഉപയോഗം നമ്മൾ ഇന്ന് കാണുന്ന രീതിയിൽ എത്തില്ലായിരുന്നു.
എന്നാൽ എത്ര കൊലകൊമ്പനായാലും ഇന്റർനെറ്റിന്റെ കയ്യിൽ നിന്നും ലഭിക്കുന്ന മോശം അനുഭവത്തിൽ നിന്നും രക്ഷപ്പെടാനാകില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മൈക്രോ സോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. അമേരിക്കൻ മാദ്ധ്യമമായ സി എൻ ബി സി യോട് സംസാരിക്കുമ്പോഴാണ് ഓൺലൈൻ ഹരാസ്മെന്റുകൾക്ക് തന്റെ മകളടക്കം വിധേയയായിട്ടുണ്ടെന്ന് ബിൽ ഗേറ്റ്സ് തുറന്നു പറഞ്ഞത്.
എൻ്റെ മകൾ ഓൺലൈനിൽ എങ്ങനെ ഉപദ്രവിക്കപ്പെട്ടുവെന്നും അവളുടെ സുഹൃത്തുക്കൾ അത് എങ്ങനെ അനുഭവിച്ചുവെന്നതിനെക്കുറിച്ചും അവൾ പറയുന്നത് ഞാൻ കേട്ടു. അപ്പോഴാണ് ഓൺലൈൻ ലോകത്തിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് തനിക്ക് മനസിലായത്, ബിൽ ഗേറ്റ്സ് തുറന്നു പറഞ്ഞു.
കഴിഞ്ഞ വർഷമാണ് , ഫീബി ഗേറ്റ്സ് തൻ്റെ കുടുംബത്തെക്കുറിച്ചും സ്വന്തം ബന്ധങ്ങളെക്കുറിച്ചും ഓൺലൈൻ ആക്രമണങ്ങൾ ഉണ്ടായതിനെ കുറിച്ച് ഒരു മദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞത്. തൻ്റെ മുൻ കാമുകന്മാരിൽ ഒരാൾ കറുത്ത വർഗ്ഗക്കാരനായതുമായി ബന്ധപ്പെട്ട് വംശീയ പരാമർശങ്ങൾ വരെ ഫീബി ഗേറ്റ്സ് നേരിടേണ്ടി വന്നു.
ആർട്ടിഫിഷ്യൽ ജനറൽ ഇൻ്റലിജൻസ് ചാറ്റ്ബോട്ടുകൾ പോലുള്ള സാങ്കേതിക മുന്നേറ്റങ്ങൾ തെറ്റായ വിവരങ്ങൾ വേഗത്തിൽ സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും എളുപ്പമാക്കുന്നതിനാൽ തെറ്റായ വിവരങ്ങൾ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ജനുവരിയിൽ വേൾഡ് ഇക്കണോമിക് ഫോറം നടത്തിയ സർവേയിൽ അടുത്ത രണ്ട് വർഷത്തെ ആഗോള അപകടസാധ്യതയായി ഇതിനെ തിരഞ്ഞെടുത്തിരുന്നു
അതെ സമയം, മൈക്രോസോഫ്റ്റ് സ്ഥാപകന്റെ മകൾക്ക് പോലും രക്ഷയില്ലെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകും എന്നാണ് സമൂഹ മാദ്ധ്യമങ്ങളിൽ ചോദ്യം ഉയരുന്നത്
Discussion about this post