സംസ്ഥാനത്ത് ബഹുഭാര്യത്വം നിരോധിച്ചുകൊണ്ടുള്ള ബിൽ പാസാക്കി അസം സർക്കാർ. നിയമനിർമ്മാണം സംബന്ധിച്ച ബിൽ (അസം പ്രൊഹിബിഷൻ ഓഫ് പോളിഗമി ബിൽ, 2025) ചൊവ്വാഴ്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നിയസമഭയിൽ അവതരിപ്പിച്ചിരുന്നു. ഇതാണ് ഇന്ന് പാസാക്കിയത്.
ഇത് ‘ഇസ്ലാമിന് എതിരല്ല’ എന്നും ഏതൊരു ‘യഥാർത്ഥ ഇസ്ലാമിക ജനതയും ഇതിനെ സ്വാഗതം ചെയ്യുമെന്ന് നിയമസഭ ബിൽ പാസാക്കുന്നതിന് മുമ്പ്, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഇസ്ലാമിന് ബഹുഭാര്യത്വം പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. ഈ ബിൽ പാസായാൽ, നിങ്ങൾക്ക് ഒരു യഥാർത്ഥ മുസ്ലീമാകാൻ അവസരം ലഭിക്കും. ഈ ബിൽ ഇസ്ലാമിന് എതിരല്ല. യഥാർത്ഥ ഇസ്ലാമിക ജനത ഈ നിയമത്തെ സ്വാഗതം ചെയ്യും. തുർക്കി പോലുള്ള രാജ്യങ്ങളും ബഹുഭാര്യത്വം നിരോധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നേരിട്ടുള്ള കുറ്റവാളികൾക്ക് പുറമേ, ബഹുഭാര്യത്വ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നവർക്കും ബിൽ ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്നു. അത്തരം വിവാഹങ്ങളിൽ പങ്കെടുക്കുന്ന, ചടങ്ങുകൾ നടത്തുന്ന, അല്ലെങ്കിൽ വിവരങ്ങൾ മറച്ചുവെക്കുന്ന മാതാപിതാക്കൾ, ഗ്രാമ അധികാരികൾ, മത പ്രവർത്തകർ എന്നിവർക്ക് രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് കർശനമായ ശിക്ഷകൾ നിയമം വ്യവസ്ഥ ചെയ്യുന്നു.ഈ ബില്ലിലെ വ്യവസ്ഥകൾ പ്രകാരം ശിക്ഷിക്കപ്പെട്ട വ്യക്തികളെ അസം സർക്കാരിന്റെ ധനസഹായത്തോടെയോ സഹായത്തോടെയോ ലഭിക്കുന്ന പൊതു ജോലിക്കും, സംസ്ഥാന സർക്കാരിന്റെ പദ്ധതികൾക്കും, അസമിൽ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനും ഈ ബിൽ അയോഗ്യരാക്കുന്നു.
നിയമവിരുദ്ധമായ ബഹുഭാര്യത്വ വിവാഹങ്ങളുടെ ഇരകളായ സ്ത്രീകൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകും. ഓരോ കേസും വിലയിരുത്തി നൽകുന്നതിന് സംസ്ഥാന സർക്കാർ ഒരു അതോറിറ്റിയെ നിയമിക്കും.ബോഡോലാൻഡ് ടെറിട്ടോറിയൽ മേഖല, ദിമാ ഹസാവോ, കർബി ആംഗ്ലോങ്, വെസ്റ്റ് കർബി ആംഗ്ലോങ് എന്നീ പ്രദേശങ്ങൾ, അല്ലെങ്കിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ എന്നിവർക്ക് നിരോധനം ബാധകമല്ല.










Discussion about this post