ന്യൂഡൽഹി: രാജ്യത്തിൻറെ ഊർജ്ജ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നിർണായക കരാറുകളിൽ ഏർപ്പെട്ട് ഇന്ത്യയും യു എ ഇ യും. ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) ദീർഘകാല വിതരണത്തിനും സിവിൽ ആണവ സഹകരണത്തിനുമുള്ള കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പു വച്ചത്.
വളർന്നു വരുന്ന തന്ത്രപരവും നിർണ്ണായകവുമായ മേഖലകളിലേക്ക് ഇന്ത്യയും യു എ ഇ യും പരസ്പര സഹകരണം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മോദിയും ഷെയ്ഖ് ഖാലിദും ചർച്ച ചെയ്തു. ഗൾഫ് മേഖലയിലെ ഇന്ത്യയുടെ ഏറ്റവും തന്ത്ര പ്രധാനമായ പങ്കാളികളിൽ ഒരാളാണ് യു എ ഇ.
അതെ സമയം ഇന്ത്യയുമായി കൂടുതൽ ശക്തമായ വ്യാവസായിക ബന്ധങ്ങൾ ഉണ്ടാക്കാനുള്ള സാദ്ധ്യതകൾ അബുദാബി കിരീടാവകാശി ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആരാഞ്ഞു. AI, നിർണായക ധാതുക്കൾ തുടങ്ങിയ പുതിയ മേഖലകളിലേക്ക് സഹകരണം വിപുലീകരിക്കാനുള്ള അവസരങ്ങളിൽ ആണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്.
യുഎഇ പ്രസിഡൻ്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ശേഷം അടുത്ത കിരീടാവകാശിയായ ഷെയ്ഖ് ഖാലിദിനെ ഇന്ത്യ പക്ഷം ചുവന്ന പരവതാനി വിരിച്ചാണ് സ്വീകരിച്ചത്. സാധാരണയായി രാഷ്ട്രത്തലവന്മാരുടെയോ ഗവൺമെൻ്റിൻ്റെ തലവന്മാരുടെയോ സന്ദർശനങ്ങളുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ അദ്ദേഹത്തിന് കൊടുക്കുകയുണ്ടായി.
സഹകരണത്തിൻ്റെ പുതിയ മേഖലകൾ, പ്രത്യേകിച്ച് ആണവോർജം, നിർണായക ധാതുക്കൾ, ഗ്രീൻ ഹൈഡ്രജൻ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, അത്യാധുനിക സാങ്കേതികവിദ്യകൾ എന്നിവ പര്യവേക്ഷണം ചെയ്യേണ്ടതിൻ്റെ ആവശ്യകത ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.
Discussion about this post