കൊൽക്കത്ത : ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നീതിയുക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ച് ഡോക്ടർമാർ. നാല് പേജുകളുള്ള കത്താണ് അയച്ചിരിക്കുന്നത്. പശ്ചിമ ബംഗാൾ ജൂനിയർ ഡോക്ടേഴ്‌സ് ഫ്രണ്ട് എഴുതിയ നാല് പേജുള്ള കത്തിന്റെ പകർപ്പുകൾ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധങ്കറിനും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയ്ക്കും അയച്ചിട്ടുണ്ട്.
ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കണം. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുണ്ട്. ഏറ്റവും നിന്ദ്യമായ കുറ്റകൃത്യത്തിന് ഇരയായ ഞങ്ങളുടെ സഹപ്രവർത്തകയ്ക്ക് നീതി ലഭിക്കണം. പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആരോഗ്യപരിപാലന വിദഗ്ധരായ ഞങ്ങൾക്ക് ഭയവും ആശങ്കയും കൂടാതെ പൊതുജനങ്ങളോടുള്ള ഞങ്ങളുടെ കടമകൾ നിർവഹിക്കാൻ കഴിയണം എന്നും കത്തിൽ പറയുന്നു.
ഈ സമയങ്ങളിൽ രാഷട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഇടപെടൽ ഞങ്ങൾക്കെല്ലാവർക്കും വെളിച്ചമായി പ്രവർത്തിക്കും. ഞങ്ങൾക്ക് ചുറ്റുമുള്ള ഇരുട്ടിൽ നിന്ന് മുന്നോട്ട് പോകാനുള്ള വഴി ഞങ്ങൾക്ക് കാണിച്ചുതരണം . കുറ്റകൃത്യങ്ങൾ മൂടിവയ്ക്കുകയാണ്. നിഷ്പക്ഷമായ അന്വേഷണവും ഞങ്ങൾക്ക് നീതി ലഭിക്കണമെന്നും ഡോക്ടർമാർ കത്തിൽ വ്യക്തമാക്കുന്നു.
Discussion about this post