ന്യൂയോർക്ക്: ദുരൂഹത നിറഞ്ഞ ബർമൂഡ ട്രയാംഗിളിനെക്കുറിച്ച് കേൾക്കാത്തവരായി ആരും ഉണ്ടാകില്ല. ഇവിടെയെത്തിയ നിരവധി കപ്പലുകളെയും വിമാനങ്ങളെയുമാണ് ബർമൂഡ ട്രയാംഗിൾ വിഴുങ്ങിയിരിക്കുന്നത്. പതിറ്റാണ്ടുകളായി ഈ പ്രദേശത്തിന്റെ ദുരൂഹത നീക്കാനായുള്ള ശ്രമത്തിലാണ് ഗവേഷകർ. അതുകൊണ്ട് തന്നെ അടിയ്ക്കടി ബർമൂഡ ട്രയാംഗിളുമായി ബന്ധപ്പെട്ട വിവരങ്ങൾ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.
ആദ്യകാലം തൊട്ട് തന്നെ ബർമൂഡ ട്രയാംഗിളിന്റെ ദുരൂഹത സംബന്ധിച്ച് നിരവധി സിദ്ധാന്തങ്ങളാണ് പ്രചരിക്കുന്നത്. അന്യഗ്രഹ ജീവികൾ കടത്തിക്കൊണ്ട് പോകുന്നുവെന്നാണ് ഇതിൽ ഏറ്റവും അവസാനത്തേത്. എന്നാൽ ഇതൊന്നുമല്ലെന്നും, ബർമൂഡ ട്രയാംഗിളിന്റെ ദുരൂഹത മറ്റൊന്നാണെന്നും വ്യക്തമാക്കുകയാണ് ഒരു കൂട്ടം ഗവേഷകർ.
ബർമൂഡ ട്രയാംഗിളിൽ നിന്നും അപ്രത്യക്ഷമാകുന്ന വിമാനങ്ങളുടെ കണക്കുകളും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും കാണാതെ ആകുന്ന വിമാനങ്ങളുടെ കണക്കുകളും ഏകദേശം ഒരു പോലെയാണ്. അതുകൊണ്ട് തന്നെ ബർമൂഡ ട്രയാംഗിളിലെ സംഭവവികാസങ്ങൾ കൂടുതൽ ആശങ്കയോടെ കാണേണ്ട എന്നാണ് ശാസ്ത്രജ്ഞനായ ഡോ. ക്രുസെൽനിക്കി പറയുന്നത്. അന്യഗ്രഹ ജീവികൾ തട്ടിക്കൊണ്ട് പോയി എന്നതുൾപ്പെടെയുള്ള വാദങ്ങൾ തെളിയിക്കപ്പെടാത്തതാണ്. ഇവിടെ നിന്നും രക്ഷപ്പെട്ടയാളുടെ വെളിപ്പെടുത്തൽ പ്രകാരം മോശം കാലാവസ്ഥയാണ് വിമാനങ്ങളുടെയും കപ്പലുകളുടെയും തിരോധാനത്തിന് കാരണം ആകുന്നത്. 15 മീറ്റർ വരെ ഉയരരത്തിലാണ് ഇവിടെ തിരമാലകൾ പ്രത്യക്ഷപ്പെടാറുള്ളത് എന്നും ക്രുസെൽനിക്കി വ്യക്തമാക്കുന്നു.
30 മില്യൺ വർഷങ്ങൾക്ക് മുൻപ് ബർമൂഡ ട്രയാംഗിൾ നിലനിന്നിരുന്ന ഭാഗം വലിയ അഗ്നിപർവ്വതം ആയിരുന്നുവെന്നാണ് ഗവേഷകനായ നിക്ക് ഹച്ചിംഗ്‌സ് പറയുന്നത്. ഇവിടുത്തെ പാറകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. നാം അഗ്നിപർവ്വതത്തിന് മുകളിലൂടെയാണ് സഞ്ചരിക്കുന്നത്. ഇവിടുത്തെ കാന്തിക ശക്തിയാണ് അപകടങ്ങൾ സൃഷ്ടിക്കുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
Discussion about this post