ന്യൂഡൽഹി: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ബിജെപിയുടെ പ്രകടനപത്രികാ വാഗ്ദാനം നടപ്പ് എൻഡിഎ സർക്കാരിന്റെ കാലത്തു തന്നെ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്. എൻഡിഎ ഘടകകക്ഷികളുമായുള്ള ചർച്ചകൾ മുന്നോട്ട് നീങ്ങുകയാണ്. സമവായത്തിലെത്തിയാലുടൻ ബില്ല് അവതരിപ്പിക്കപ്പെടും.
ബിജെപിയുടെ പ്രകടന പത്രികയിലെ ഒരു പ്രധാന വാഗ്ദാനമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത്. ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ കൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ നയം നടപ്പാക്കുമെന്ന് സൂചന നൽകിയിരുന്നു.
കഴിഞ്ഞ മാസത്തെ തൻ്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, പ്രധാനമന്ത്രി മോദി “ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പിനു വേണ്ടി ശക്തമായി വാദിച്ചിരുന്നു. തുടർച്ചയായ തെരഞ്ഞെടുപ്പുകൾ രാജ്യത്തിൻ്റെ പുരോഗതിക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം അന്ന് തുറന്നു പറഞ്ഞിരുന്നു.
മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ ഒരു സമിതി രണ്ടാം മോദി സർക്കാരിന്റെ അവസാനകാലത്ത് രൂപീകരിച്ചിരുന്നു. ഇതിൽ പ്രകാരം രാജ്യത്തെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്ത് നിന്നും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംബന്ധിച്ച അഭിപ്രായ സമാഹരണം നടത്തിയിരുന്നു.
ലോ കമ്മീഷനും ഉടൻ ശുപാർശ ചെയ്യുമെന്നാണ് സൂചന. 2029 മുതൽ ലോക്‌സഭ, സംസ്ഥാന അസംബ്ലികൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങൾ — സർക്കാരിൻ്റെ മൂന്ന് തലങ്ങളിലും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനും തൂക്കുസഭ അല്ലെങ്കിൽ അവിശ്വാസ പ്രമേയം പോലുള്ള കേസുകളിൽ ഏകീകൃത സർക്കാരിനുള്ള വ്യവസ്ഥയും കമ്മീഷൻ ശുപാർശ ചെയ്യാൻ സാധ്യതയുണ്ട്.
ഇന്ത്യൻ യൂണിയൻ രുപീകരിച്ച കാലം മുതൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പാണ് നിലവിലുണ്ടായത്. അതായത് സംസ്ഥാന തിരഞ്ഞെടുപ്പും ലോക് സഭയും ഒരേ സമയത്ത് നടക്കാറായിരിന്നു പതിവ്. പിന്നീട് അധികാര മോഹങ്ങൾക്ക് വേണ്ടി ഇന്ദിര ഗാന്ധിയാണ് എഴുപതുകളിൽ, അതുവരെ നല്ല രീതിയിൽ നടന്നിരുന്ന തിരഞ്ഞെടുപ്പ് അട്ടിമറിച്ചത്.
Discussion about this post