ആലപ്പുഴ: ആലപ്പുഴ ബീച്ചും പരിസരവും സൂക്ഷ്മമായി നിരീക്ഷിക്കാൻ പോലീസ്. ലഹരിമാഫിയയുടെ സ്വാധീനം ശക്തമായ സാഹചര്യത്തിലാണ് പോലീസ് ബീച്ചും പരിസരവും ശക്തമായി നിരീക്ഷിക്കുന്നത്. ബീച്ചിലെ വിജയ പാർക്കിന് പുറകിലുള്ള പാറക്കൂട്ടങ്ങൾക്കിടയിലും, കാറ്റാടി ഭാഗം, അയ്യപ്പൻപൊഴി എന്നീ ഭാഗങ്ങളിലുമാണ് ലഹരി വിൽപ്പനയും ഉപയോഗവും നടക്കുന്നത്.
കഴിഞ്ഞ ദിവസം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ അദ്ധ്യക്ഷതയിൽ ജനകീയ കമ്മിറ്റി യോഗം ചേർന്നിരുന്നു. ഇതിലാണ് ബീച്ച് പരിസരത്ത് മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിച്ചുവെന്ന പരാതി ഉയർന്നത്. ഇവിടങ്ങളിൽ പരിശോധന ശക്തമാക്കണം എന്ന ആവശ്യവും യോഗത്തിൽ ഉയർന്നിരുന്നു. ഇതോടെയാണ് പോലീസ് നിരീക്ഷണം ആരംഭിക്കാൻ തീരുമാനിച്ചത്.
നഗരത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, മാതാ ജെട്ടി, ബോട്ട് ജെട്ടിയിലെ ഉപയോഗ ശൂന്യമായ ശുചിമുറികൾ, കൊമ്മാടി ബൈപാസ്, ആലിശേരി ലോറി സ്റ്റാൻഡ്, വണ്ടാനം മെഡിക്കൽ കോളജ് പരിസരം, വലിയ ചുടുകാട്ടിലെ ഉപയോഗ ശൂന്യമായ ദഹനപ്പുര എന്നിവിടങ്ങളിലും പരിശോധന വേണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നിട്ടുണ്ട്.
പെരുമ്പളം ദ്വീപിന്റെ ചില ഭാഗങ്ങളിൽ ചാരായം വാറ്റ് വ്യാപകമാകുന്നുണ്ടെന്നാണ് പരാതി. കുട്ടനാട്ടിലെ വാഹനം കടന്ന് ചെല്ലാൻ കഴിയാത്ത വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശങ്ങളിലും സമാന സാഹചര്യമാണ് ഉള്ളത്. ഇവിടങ്ങളിൽ കർശന നിരീക്ഷണം വേണമെന്നും ആവശ്യമുണ്ട്.
Discussion about this post