ന്യൂഡൽഹി: ചാന്ദ്രയാൻ 4 ദൗത്യത്തിനായി പച്ചക്കൊടി കാണിച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ചാന്ദ്രയാൻ 4 ദൗത്യം ആരംഭിക്കാൻ അനുമതി ലഭിച്ചത്. ചന്ദ്രനിൽ നിന്നും പഠനാവശ്യത്തിനായുള്ള മണ്ണും പാറക്കല്ലുകളും മറ്റ് സാമ്പിളുകളും ശേഖരിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ചാന്ദ്രയാൻ 4 ദൗത്യം.
ചാന്ദ്രയാൻ 3 ദൗത്യം വലിയ വിജയമായതിന് പിന്നാലെ തന്നെ ചാന്ദ്രയാൻ 4 ദൗത്യം ലക്ഷ്യമിടുന്നതായി ഐഎസ്ആർഒ അറിയിച്ചിരുന്നു. ഇതിനാണ് കേന്ദ്രത്തിന്റെ പിന്തുണ ലഭിച്ചിരിക്കുന്നത്. ബജറ്റിൽ ഇതിനായി 2,104.06 കോടി രൂപയും സർക്കാർ വകയിരുത്തിയിട്ടുണ്ട്. ഇതുവരെ രാജ്യം നടത്തിയ ചാന്ദ്രപര്യവേഷണ ദൗത്യങ്ങളിൽ ഏറ്റവും നിർണായകം ആയിരിക്കും ചാന്ദ്രയാൻ4.
ചാന്ദ്രയാൻ 1 , ചാന്ദ്രയാൻ 3 എന്നീ ദൗത്യങ്ങളിൽ നിന്നും വ്യത്യസ്തമായി പര്യവേഷണ വാഹനം ഭൂമിയിൽ തന്നെ തിരിച്ചെത്തും എന്നതാണ് ചാന്ദ്രയാൻ 4 ന്റെ പ്രധാന സവിശേഷത. ഇത് പ്രാവർത്തികമാക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കുന്ന തിരക്കിലാണ് ഗവേഷകർ.
തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യകൾ മാത്രം ഈ ദൗത്യത്തിനായി പ്രയോജനപ്പെടുത്താനാണ് ഗവേഷകരുടെ തീരുമാനം. അതുകൊണ്ട് തന്നെ ചാന്ദ്രയാൻ 4 വിജയം കൈവരിച്ചാൽ ഇത് ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ ചരിത്രത്തിൽ സുപ്രധാന നാഴികക്കല്ലാകും.
Discussion about this post