തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ ബാഹ്യ ഇടപെടൽ ഇല്ലെന്ന് വ്യക്തമാക്കി അന്വേഷണ റിപ്പോർട്ട് പുറത്ത് . എഡിജിപി എംആർ അജിത് കുമാർ ഇന്നലെ ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. പൂരം അലങ്കോലപ്പെട്ടതിൽ ബോധപൂർവമായ അട്ടിമറിയോ ഗൂഢാലോചനയോ ഇല്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം ഏകോപനത്തിലും അനുനയത്തിലും സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകിന് വീഴ്ച ഉണ്ടായെന്നും പറയുന്നുണ്ട്. ഇതിനെ സാക്ഷ്യപ്പെടുത്തുന്ന ചിത്രങ്ങളടക്കം റിപ്പോർട്ടിലുണ്ട്.
തൃശൂർ പൂരം തടസ്സപ്പെടുത്തലുമായി ബന്ധപ്പെട്ട് നാലു പരാതികളാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. ഇത് ഡിജിപിക്ക് കൈമാറിയിരുന്നു. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ എഡിജിപി എംആർ.അജിത് കുമാറിനെയാണ് ചുമതലപ്പെടുത്തിയത്. തൃശൂർ പൂരം അലങ്കോലമായതിനെ തുടർന്ന് തൃശൂർ കമ്മിഷണറായിരുന്ന അങ്കിത് അശോകിനെ സ്ഥലം മാറ്റിയിരുന്നു. വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികളുണ്ടാകുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്.
Discussion about this post