തലയ്ക്ക് മുകളിലൂടെ തലങ്ങും വിലങ്ങും പറക്കുന്ന കാറുകൾ..മരണമില്ലാത്ത ലോകം,വിശപ്പില്ലാത്ത നഗരം,ഒറ്റ ക്ലിക്കിൽ ഇഷ്ടപ്പെട്ടത് കൺമുന്നിലെത്തുന്ന വിദ്യ. ദൂരെ ഒരിടത്ത് മനുഷ്യനേക്കാൾ ആയിരക്കണക്കിന് വർഷം അഡ്വാൻസ്ഡ് ആയി ജീവിക്കുന്നവർ. രണ്ട് ഉണ്ടകണ്ണ്,നീളൻകാലുകൾ കുറിയ ശരീരം… മനുഷ്യനുണ്ടായ കാലം തൊട്ടെ അന്യഗ്രഹജീവികളെ കുറിച്ച് സ്വപ്‌നം കാണുകയാണ് അവൻ. ദൂരെ ഒരിടത്ത് തങ്ങൾ ചിന്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനും അപ്പുറം നേട്ടങ്ങൾ കൊയ്ത ആളുകൾക്കായുള്ള കാത്തിരിപ്പ്. അതിന് വേണ്ടി ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്നു,വലിയ വാനനിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിക്കുന്നു. ഉൽക്കാ കഷ്ണങ്ങൾ പരിശോധിക്കുന്നു. എന്തൊക്കെ ബഹളങ്ങളാണ്. ഇനി ഒരു പക്ഷേ ലോകത്തിന്റെ മറ്റൊരു കോണിലിരുന്ന് അന്യഗ്രഹജീവികളും നമ്മളെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടോയെന്ന ചിന്തയിൽ കുറേ മെസേജുകളും അയച്ചു. അയച്ചുകൊണ്ടിരിക്കുന്നു. എങ്ങോട്ടെന്നല്ലോ പ്രകാശവർഷങ്ങൾക്ക് അകലേയ്ക്ക്.. ഏതാണ്ട് പത്ത് എഴുപത് വർഷം മുൻപ് തുടങ്ങിയതാണ് ഈ മെസേജ് അയക്കൽ. ഇത് വരെ റിപ്ലേ കിട്ടിയിട്ടില്ലെങ്കിലും മെസേജ് അയപ്പ് തുടരുന്നു. അവയിൽ വളരെ പ്രധാനപ്പെട്ട ചില റേഡിയോ സന്ദേശങ്ങളെ കുറിച്ചറിയാം.
1962 ൽ യുക്രേനിയൻ എവ്പറ്റോറിയ പ്ലാനറ്ററി റഡാറിൽ നിന്ന് 1962-ൽ കൈമാറ്റം ചെയ്യപ്പെട്ട മോർസ് സന്ദേശം, ബഹിരാകാശത്തേക്ക് ബോധപൂർവ്വം പ്രക്ഷേപണം ചെയ്ത ആദ്യത്തെ റേഡിയോ ആശയവിനിമയമായിരുന്നു . ഈ സംപ്രേക്ഷണം ശുക്രനിലേക്കുള്ള സന്ദേശമായിരുന്നു.
1974 ലാണ് അന്യഗ്രഹജീവികളെ ലക്ഷ്യമിട്ട് ആദ്യത്തെ ഔദ്യോഗിക മെസേജ് ഭൂമിയിൽ നിന്നും അയക്കുന്നത്. 25,000 പ്രകാശവർഷം അകലെയുള്ള ഗ്ലോബുലാർ ക്ലസ്റ്ററായ മെസ്സിയർ 13 ലേക്കാണ് മെസേജ് സംപ്രേക്ഷണം ചെയ്തത്. Arecibo സന്ദേശം എന്നാണ് ഇത് അറിയപ്പെടുന്നത്. ഭൂമിയെയും മനുഷ്യനെയും കുറിച്ചുള്ള വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗണിത പ്രവർത്തനങ്ങൾ,പ്രൈം നമ്പറുകൾ,കണികാ ശാസ്ത്രം. ഡിഎൻഎ ഘടന എന്നിവയടങ്ങുന്നതായിരുന്നു റേഡിയോ സന്ദേശം. 25974 എന്ന വർഷം മാത്രമേ ഈ സന്ദേശം ആർക്കെങ്കിലും ലഭിക്കൂ.
വോയേജർ 1, 2 ബഹിരാകാശ പേടകങ്ങളിൽ ഭൂമിയുടെ ശബ്ദങ്ങളും ചിത്രങ്ങളും അടങ്ങുന്ന സ്വർണ്ണം പൂശിയ ചെമ്പ് റെക്കോർഡാണ് വോയേജർ ഗോൾഡൻ റെക്കോർഡ്. 1977-ൽ വിക്ഷേപിച്ച ഇത് അന്യഗ്രഹ ജീവജാലങ്ങൾക്കുള്ള ഒരു സന്ദേശമായിവർത്തിക്കുന്നു.
കോസ്മിക് രശ്മികളെ കുറിച്ച് നാം കേട്ടിട്ടുണ്ടാവും. എന്നാൽ എന്താണ് കോസ്മിക് കോൾ? 1999-ലും 2003-ലും അയച്ച ഇന്റർസ്റ്റെല്ലാർ റേഡിയോ സന്ദേശങ്ങളുടെ ഒരു പരമ്പരയായിരുന്നു കോസ്മിക് കോൾ. അടുത്തുള്ള നക്ഷേത്ര കോളനികളെ ലക്ഷ്യം വച്ചാണ് ഇവ അയച്ചത്. 1999 ൽ അയച്ച മെസേജിൽ ഗണിതശാസ്ത്രപരവും ശാസ്ത്രീയവുമായ ആശയങ്ങൾ,ചിത്രങ്ങൾ (മനുഷ്യ രൂപങ്ങൾ, ഭൂമി, സൗരയൂഥം) വാചക സന്ദേശങ്ങൾ (വിവിധ ഭാഷകളിൽ ആശംസകൾ) എന്നിവ ഉൾപ്പെടുന്നു. 2003 ലും ഇവയൊക്കെ തന്നെയാണ് അയച്ചത്. കൂടുതൽ പ്രകാശവർഷം അകലെയുള്ള നക്ഷത്ര സമൂഹം ലക്ഷ്യം വച്ചാണ് ഈ മെസേജുകൾ അയച്ചത്. യഥാക്രമം 2056,2066 വർഷങ്ങളിലേ അവ ലക്ഷ്യസ്ഥാനത്ത് എത്തൂ.
2007 ൽ അയച്ച മെസജാണ് ടീനേജ് മെസേജ്.യുക്രെയ്‌നിലെ എവ്പറ്റോറിയ പ്ലാനറ്ററി റഡാറിൽ നിന്നാണ് ഇവ അയച്ചത്. ഗണിത-ശാസ്ത്ര ആശയങ്ങൾ കൗമാരക്കാരുടെ ചിത്രങ്ങൾ,ഭൂമിയുടെ ചിത്രം,വിവിധഭാഷകളിൽ ആശംസകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇനി ശാസ്ത്രജ്ഞർ ഏറെ പ്രതീക്ഷയോടെ അയച്ച മെസേജ് 2009ലാണ്. യഥാക്രമം TZ Ariets എന്നും Teegarden’s Star എന്നാണ് ഇവ അറിയപ്പെടുന്നത്. ആദ്യം അയച്ച മെസേജ്. ദാ ഈവർഷം ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞു. രണ്ടാമത് അയച്ച മെസേജ് 2021 ലേ എത്തി. ഇനി അഥവാ ലക്ഷ്യസ്ഥാനത്ത് അന്യഗ്രഹജീവികൾ ഉണ്ടെങ്കിൽ അവർ മെസേജ് ഡീകോഡ് ചെയ്ത് മനസിലാക്കിയിട്ടുണ്ടെങ്കിൽ അതിന് റിപ്ലേ അയച്ചിട്ടുണ്ടാവും. അത് തിരികെ ഇവിടെ എത്താൻ ഇനിയും അഞ്ച് വർഷങ്ങൾ കൂടി ഏകദേശം ആവശ്യമാണ്. നമ്മളേക്കാൾ ഉയർന്ന ടെക്‌നോളജി അവരുടെ പക്കൽ ഉണ്ടെങ്കിൽ ഏത് നിമിഷവും ആ മെസേജിന് ഒരു റിപ്ലേ കിട്ടിയേക്കാം.
ബഹിരാകാശത്തേക്ക് മാത്രമാണോ റേഡിയോ സിഗ്നൽ അയക്കുന്നത്. ദൂരെ നിന്ന് നമുക്കൊന്നും കിട്ടാറില്ലേ എന്നാണോ? അതും ഉണ്ട്. പക്ഷേ ദൗർഭാഗ്യവശാൽ അതൊന്നും ഡീകോഡ് ചെയ്‌തെടുക്കാൻ മനുഷ്യനായിട്ടില്ല. ഭൂമിയിലേയ്ക്ക് ഏറ്റവും ശക്തമായ ഒരു റേഡിയോ സിഗ്‌നൽ ലഭിയ്ക്കുന്നത് 1977 ലാണ്. wow signal എന്നാണ് ഈ സന്ദേശത്തെ അറിയപ്പെട്ടിരുന്നത്. അന്യഗ്രഹ ജീവികളിൽ നിന്നും ലഭിച്ച റേഡിയോ സിഗ്‌നൽ ആണെന്നാണ് ഗവേഷകർ അടുത്തകാലം വരെ ഇതിനെ വിശ്വസിച്ചിരുന്നത്.
2022ലും ഇത്തരത്തിൽ റേഡിയോ സിഗ്നലുകൾ ശൗസ്ത്രജ്ഞർ പിടിച്ചെടുത്തിരുന്നു. നെതർലൻഡിലെ ശക്തിയേറിയ ലോ ഫ്രീക്വൻസി അറേ (ലോഫർ) റേഡിയോ ആന്റിന ഉപയോഗിച്ചാണ് റേഡിയോ സിഗ്‌നൽ പിടിച്ചെടുത്തത്. സൗരയൂഥത്തിന് പുറത്തുള്ള ഒരു നക്ഷത്രത്തിൽ നിന്നാണ് ഈ സിഗ്നലുകൾ ലഭിച്ചത്. കഴിഞ്ഞ ദിവസം 8 ബില്ല്യൺ വർഷങ്ങൾക്ക് മുൻപ് നിന്നുള്ള ഒരു അജ്ഞാത റേഡിയോ സിഗ്നൽ ബഹിരാകാശത്ത് സഞ്ചരിച്ച് ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു. ശാസ്ത്രജ്ഞരുടെ നിഗമനമനുസരിച്ച് ഇത് വളരെ തീവ്രമായ സിഗ്നലുകളാണത്രേ . FRB 20220610A എന്ന് പേരിട്ടിരിക്കുന്ന ഈ ഫാസ്റ്റ് റേഡിയോ ബർസ്റ്റ് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കമേറിയതും, ഏറെ ദൂരെ നിന്നുള്ളതുമാണ്. അതുകൊണ്ട് തന്നെ ബഹിരാകാശത്തെ കൂടുതൽ നിഗൂഢതകൾ കണ്ടെത്താൻ ഇത് സഹായിച്ചേക്കുമെന്നാണ് പ്രതീക്ഷ.
Discussion about this post