ശ്രീനഗർ : ജമ്മു കശ്മീരിൽ ബിജെപി ആദ്യമായി പൂർണ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒക്‌ടോബർ ഒന്നിന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് മുന്നോടിയായാണ് മോദിയുടെ പരാമർശം. കോൺഗ്രസിനെയും അതിന്റെ സഖ്യകക്ഷിയായ നാഷ്ണൽ കോൺഫറൻസിനെയും മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപിയെയും അദ്ദേഹം വിമർശിച്ചു.
‘ജമ്മു കശ്മീരിലെ ജനങ്ങൾ ബി.ജെ.പി സർക്കാരിനെയാണ് ആഗ്രഹിക്കുന്നത്. ജമ്മു കശ്മീരിൽ അടുത്തിടെ നടന്ന രണ്ട് ഘട്ട തിരഞ്ഞെടുപ്പുകളിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. ജമ്മുവിൽ പൂർണ്ണ ഭൂരിപക്ഷത്തോടെ ബിജെപി ആദ്യ സർക്കാർ രൂപീകരിക്കാൻ പോകുന്നുവെന്ന് ഉറപ്പാണ് ‘ എന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആദ്യമായി ജമ്മു കശ്മീരിൽ ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് സർക്കാർ രൂപീകരിക്കാൻ പോകുന്നു.നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും ബിജെപി സർക്കാർ പരിഹരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് കോൺഗ്രസ് ,എൻസി ,പിഡിപി എന്നീ മൂന്ന് കുടുംബങ്ങളെ മടുത്തു. അവിടത്തെ ജനങ്ങൾക്ക് തീവ്രവാദം ഇനി ആവശ്യമില്ല. ഇവിടത്തെ ജനങ്ങൾ അവരുടെ കുട്ടികൾക്ക് നല്ല ഭാവിയാണ് ആഗ്രഹിക്കുന്നത്. അതു കൊണ്ടാണ് ജനങ്ങൾ ബിജെപി സർക്കാരിനെ ആഗ്രഹിക്കുന്നത് എന്ന് മോദി പറഞ്ഞു.
പത്തു വർഷത്തിനുശേഷമാണ് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജമ്മു-കശ്മീരിന് പ്രത്യേക പദവിനൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ ശേഷമുളള ആദ്യ തിരഞ്ഞെടുപ്പു കൂടിയാണിത്. സെപ്തംബർ 18ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണൽ ഒക്ടോബർ എട്ടിനാണ്.
Discussion about this post