കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന സി.ബി.ഐയുടെ അപേക്ഷയില്‍ തലശ്ശേരി സെഷന്‍സ് കോടതി മറ്റന്നാള്‍ വിധി പറയും.
ശത്രുക്കളുടെ ഭീഷണിയുണ്ടെന്നും സി.ബി.ഐയുടെ കസ്റ്റഡി അനുവദിക്കരുതെന്നും ജയരാജന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതിനിടെ ജയരാജനെ ചികിത്സിച്ചിരുന്ന പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ സി.എന്‍ അഷ്‌റഫിനെ സി.ബി.ഐ ചോദ്യംചെയ്തു. ജയരാജന്റെ ചികിത്സയുമായി ബന്ധപ്പെട്ട് 2014 മുതല്‍ വൈദ്യപരിശോധന നടത്തിയതിന്റെ രേഖകളും ഡോക്ടര്‍ സി.ബി.ഐക്ക് കൈമാറിയിട്ടുണ്ട്.
അസുഖ ബാധിതനായ ജയരാജനെ ഡോക്ടര്‍മാരുടെ വിദഗ്ധസംഘം പരിശോധിക്കണം. ആവശ്യമെങ്കില്‍ മെഡിക്കല്‍ ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി പരിശോധന നടത്താമെന്നും ഡോ. അഷ്‌റഫ് സി.ബി.ഐയെ അറിയിച്ചു.
അതേസമയം, ജയരാജനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. പരിയാരം ആശുപത്രിയിലെ റിപ്പോര്‍ട്ട് ലഭിച്ചെങ്കിലും ജയില്‍ അധികൃതരുടെ ഭാഗത്തു നിന്നുള്ള നടപടിക്രമങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
Discussion about this post