മകൾ സെക്‌സ് റാക്കറ്റിന്റെ വലയിലെന്ന് വ്യാജകോൾ; അമ്മ ഹൃദയംപൊട്ടിമരിച്ചു

Published by
Brave India Desk

ലക്‌നൗ: മകൾ സെക്‌സ് റാക്കറ്റിൽ കുടുങ്ങിയെന്ന വ്യാജ കോളിന് പിന്നാലെ അമ്മ ഹൃദയം പൊട്ടിമരിച്ചു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. സർക്കാർ സ്‌കൂൾ അദ്ധ്യാപികയായ മാലതി വർമ്മയാണ് ഹൃദയാഘാതം മൂലം ദാരുണാന്ത്യമടഞ്ഞത്. മാലതിയുടെ കോളേജ് വിദ്യാർത്ഥിയായ മകൾ സെക്‌സ് റാക്കറ്റിൽ കുടുങ്ങിയെന്നും രക്ഷപ്പെടുത്തണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് മാലതിയ്ക്ക് ഫോൺ വരുന്നത്. വാട്‌സ്ആപ്പിലൂടെയായിരുന്നു ഫോൺ. പോലീസുകാരന്റെ ചിത്രമായിരുന്നു ഡിപിയിലുണ്ടായിരുന്നത്.

മകൾ സുരക്ഷിതമായി വീട്ടിലെത്താൻ ഒരു ലക്ഷംരൂപ ഉടനെ അക്കൗണ്ടിലേക്ക് അയക്കണമെന്നായിരുന്നു ഫോൺ. പരാതി നൽകാൻ ശ്രമിച്ചാൽ മകളുടെ ജീവൻതന്നെ അപകടത്തിലാവുമെന്നും ഭീഷണി ഉയർന്നു. മാനഹാനി ഉണ്ടാകാതിരിക്കാനാണ് ഫോൺവിളിച്ച് സഹായിക്കുന്നതെന്നും പറഞ്ഞുവെന്ന് മാലതിയുടെ മകൻ ദിപൻഷു പറയുന്നു.

എന്റെ അമ്മ ആഗ്ര അച്‌നേരയിലെ സർക്കാർ ഗേൾസ് സ്‌കൂളില അദ്ധ്യാപികയാണ്. അയാളുടെ കോൾ വന്ന ശേഷം അമ്മ വല്ലാതെ പരിഭ്രാന്തയായി. എന്നെ വിളിച്ചു. ഞാൻ ഫോൺ നമ്പർ ചോദിച്ചു. +92 എന്ന പ്രിഫിക്‌സ് ഉള്ളതായി കണ്ടെത്തിയപ്പോൾ ഇതൊരു തട്ടിപ്പാണെന്ന് അമ്മയെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു. എന്നാൽ അമ്മ വളരെ ടെൻഷനിലായിരുന്നു.വലിയ മാസികപ്രശ്‌നവും ഉണ്ടായി. സഹോദരിയോട് സംസാരിച്ചെന്നും അവൾക്കൊരു പ്രശ്‌നവും ഇല്ലെന്നും പറഞ്ഞു. എന്നാലും അമ്മ നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞു. പിന്നാലെ ഹൃദയാഘാതം സംഭവിച്ച് മരണപ്പെടുകയായിരുന്നു.

സംഭവത്തിൽ കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
Leave a Comment

Recent News