ന്യൂഡൽഹി : ഇന്ത്യയിലെ ആംബുലൻസ് സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമവും ആക്കാൻ ആയി സ്വകാര്യ ആംബുലൻസ് സേവനവുമായി ക്വിക്ക് കൊമേഴ്‌സ് സ്ഥാപനമായ ബ്ലിങ്കിറ്റ്. ബ്ലിങ്കിറ്റ് സ്ഥാപകനും സിഇഒയുമായ അൽബിന്ദർ ദിൻഡ്‌സ ആണ് തങ്ങളുടെ പുതിയ സേവനത്തെക്കുറിച്ച് വ്യക്തമാക്കിയത്. പ്രതിദിന സേവനങ്ങൾ, പെറ്റ് കെയർ ഉൽപ്പന്നങ്ങൾ, ബേബി കെയർ ഉൽപ്പന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ വിപണനം നടത്തുന്ന ക്വിക്ക് കൊമേഴ്‌സ് സ്ഥാപനമാണ് ബ്ലിങ്കിറ്റ്.
പദ്ധതിയുടെ ആദ്യപടിയായി ആദ്യത്തെ അഞ്ച് ആംബുലൻസുകൾ നിരത്തിലിറങ്ങിയതായി അൽബിന്ദർ ദിൻഡ്‌സ.
വ്യാഴാഴ്ച മുതൽ ഗുരുഗ്രാമിലാണ് ആദ്യ സർവീസുകൾ ആരംഭിക്കുന്നത്. “ഇന്ത്യൻ നഗരങ്ങളിൽ വേഗത്തിലും വിശ്വസനീയമായും ആംബുലൻസ് സേവനം നൽകുന്നതിനുള്ള പ്രശ്നം പരിഹരിക്കുന്നതിലേക്ക് ഞങ്ങൾ ആദ്യ ചുവടുവെപ്പ് നടത്തുകയാണ്. @letsblinkit ആപ്പ് വഴി ബേസിക് ലൈഫ് സപ്പോർട്ട് (BLS) ആംബുലൻസ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഉടൻതന്നെ ലഭ്യമാകും” എന്നും ദിൻഡ്‌സ തന്റെ സമൂഹമാധ്യമ പോസ്റ്റിൽ വ്യക്തമാക്കി.
ഓരോ ആംബുലൻസിലും ഒരു പാരാമെഡിക്കൽ, ഒരു അസിസ്റ്റൻ്റ്, ഒരു പരിശീലനം ലഭിച്ച ഡ്രൈവർ എന്നിവരുണ്ടാകും.
ഓക്സിജൻ സിലിണ്ടറുകൾ, എഇഡി (ഓട്ടോമേറ്റഡ് എക്‌സ്‌റ്റേണൽ ഡിഫിബ്രിലേറ്റർ), സ്‌ട്രെച്ചർ, മോണിറ്റർ, സക്ഷൻ മെഷീൻ, അത്യാവശ്യ അടിയന്തര മരുന്നുകളും കുത്തിവയ്‌പ്പുകളും ഉൾപ്പെടെയുള്ള അവശ്യ ജീവൻ രക്ഷാ ഉപകരണങ്ങൾ എന്നിവയും ബ്ലിങ്കിറ്റ് ആംബുലൻസുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് ലാഭം ലക്ഷ്യം വെച്ച് നടത്തുന്ന ഒരു സംരംഭം അല്ലെന്നും കുറഞ്ഞ ചിലവിൽ ഗുണനിലവാരമുള്ള സേവനം ഉറപ്പാക്കും എന്നും ബ്ലിങ്കിറ്റ് സിഇഒ അറിയിച്ചു.
Discussion about this post