കോഴിക്കോട്: കർണാടക ഷിരൂരിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽപ്പെട്ട മരണപ്പെട്ട അർജുന്റെ കുടുംബം നടത്തിയ പ്രസ്താവനകളെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണമറിയിച്ച കുറിപ്പ് വൈറലാവുന്നു. ഫേസ്ബുക്കിൽ ലക്ഷ്മി നാരായൺ എഴുതി കുറിപ്പാണ് ചർച്ചയാവുന്നത്. യഥാർത്ഥത്തിൽ എന്താണ് അർജുന്റെ വീട്ടുകാർ ചെയ്ത തെറ്റ്? എന്ന് ലക്ഷ്മി ചോദിക്കുന്നു. അതി വൈകാരികമായി കരഞ്ഞു വിളിച്ചുകൊണ്ടു ആ മരണത്തെ ഉൾക്കൊള്ളാഞ്ഞതാണോ? മാദ്ധ്യമങ്ങൾക്ക് മുന്നിൽ വന്നു ഇരു കൈകളും കൂപ്പി കരഞ്ഞുകൊണ്ട് സഹായ അഭ്യർത്ഥനകൾ നടത്താത്തത് ആണോയെന്ന് കുറിപ്പിൽ ചോദിക്കുന്നു. സോഷ്യൽ മീഡിയ ആക്രമണങ്ങൾ ഉണ്ടാക്കുന്ന ട്രോമ വളരെ വലുതാണ്.. അത് ആർക്ക് നേരെ ആണെകിലും… നന്മ മരങ്ങൾ സമൂഹത്തിൽ ആവശ്യമാണ്, എന്നാൽ അവരുടെ വാക്കുകളും പ്രവർത്തികളും മറ്റുള്ളവർക്ക് വേദനയുണ്ടാക്കുന്നതും അവരെ വേട്ടയാടുന്നതും ആകരുതെന്ന് കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു.
കർണാടക ഷിരൂരിൽ മണ്ണിടിച്ചിൽ അപകടത്തിൽ മരിച്ച അർജുന്റെ മൃതശരീരം ഈ കഴിഞ്ഞ ആഴ്ചയാണ് ഗംഗാവലി പുഴയിൽ നിന്ന് കണ്ടെടുത്ത് കോഴിക്കോട്ടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചത്. ഇതിന് പിന്നാലെ അർജുന്റെ കുടുംബം ലോറി ഉടമകളിലൊരാളായ മനാഫിനും ഈശ്വർ മാൽപെയ്ക്കുമെതിരെ രംഗത്തെത്തിയിരുന്നു. അർജുന്റെ ഭാര്യ കൃഷ്ണപ്രിയയെ മാനസികമായി തളർത്തുന്ന വാക്കുകൾ പോലും മനാഫ് പറഞ്ഞുവെന്നും അർജുന്റെ മകനെ തന്റെ നാലാമത്തെ കുട്ടിയായി വളർത്തുമെന്നതടക്കമുള്ള അസംബന്ധങ്ങൾ മനാഫ് മാദ്ധ്യമങ്ങളോട് പുലമ്പിക്കൊണ്ടിരിക്കുകയാണെന്നും കുടുംബം ആരോപിച്ചിരുന്നു.കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുന്നത് നിർത്തണമെന്ന് കാലുപിടിച്ച് പറഞ്ഞിരുന്നതായും ഇനിയും നിർത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അർജുന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. ഇമോഷനെ വിറ്റ് എല്ലാം ഒരാൾ ആണ് നടത്തിയത് എന്ന് സ്ഥാപിക്കുകയാണ്. നിർത്തിയില്ലെങ്കിൽ മനാഫിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കുടുംബം പറഞ്ഞിരുന്നു.ഇതിന് പിന്നാലെ മറുപടിയുമായി മനാഫെത്തിയിരുന്നു. എല്ലാവരും തള്ളിപ്പറഞ്ഞാലും അർജുന്റെ അമ്മ എന്നും തന്റെ അമ്മയായിരിക്കുമെന്ന് പറഞ്ഞ മനാഫ് അർജുന്റെ പേരിൽ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും തെറ്റുചെയ്തിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
യഥാർത്ഥത്തിൽ എന്താണ് അർജുന്റെ വീട്ടുകാർ ചെയ്ത തെറ്റ്?
അതി വൈകാരികമായി കരഞ്ഞു വിളിച്ചുകൊണ്ടു ആ മരണത്തെ ഉൾക്കൊള്ളാഞ്ഞതാണോ???
മാധ്യമങ്ങൾക്ക് മുന്നിൽ വന്നു ഇരു കൈകളും കൂപ്പി കരഞ്ഞുകൊണ്ട് സഹായ അഭ്യർത്ഥനകൾ നടത്താത്തത് ആണോ?
അതോ, തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ കുടുംബം ഒറ്റക്കെട്ടായി, അർജുനെ കാണാതായ ആദ്യ നാളുകൾ മുതൽക്കേ വളരെ ബോൾഡ് ആയി സംസാരിച്ചതോ??
30 അടിയോളം താഴ്ചയിൽ വെള്ളത്തിൽ മൂടി കിടക്കുന്ന ലോറിയിൽ നിന്നും ആഴ്ചകൾക്ക് ശേഷം ജീവനോടെ തിരിച്ചെത്താൻ മാത്രം അമാനുഷികനല്ല അർജുൻ എന്ന പച്ചയായ തിരിച്ചറിവിൽ, തന്റെ കുഞ്ഞിന്റെ ഭാവി മുൻനിർത്തി കിട്ടിയ ജോലി സ്വീകരിച്ചതാണോ അർജുന്റെ ഭാര്യ ചെയ്ത തെറ്റ്???
സോഷ്യൽ മീഡിയ ജഡ്ജ്മെന്റിന്റെ ഏറ്റവും ഭീകരമായ മുഖമാണ് ഇപ്പോൾ ആ കുടുംബം നേരിടുന്നത്. അവരവരുടെ സേഫ് സോണിൽ ഇരുന്നുകൊണ്ട് മറ്റുള്ളവരുടെ വികാര വിചാരങ്ങളെ ജഡ്ജ് ചെയ്യാൻ കച്ച കെട്ടി ഇറങ്ങുന്നവർ ഓർക്കുക, ആത്യന്തികമായി നഷ്ടം ആ കുടുംബത്തിന്റേത് മാത്രമാണ്.
മനാഫ് എന്ന വ്യക്തിയോട് ഏറെ ബഹുമാനം ആയിരുന്നു..പക്ഷെ അർജുന്റെ കുടുംബത്തിന്റെ സ്വകാര്യത, അവരുടെ വികാരങ്ങൾ എന്നിവ മാനിക്കാനും ആ രീതിയിൽ അവരോട് സഹകരിക്കാനും അദ്ദേഹം ശ്രമിക്കണമായിരുന്നു.
മകന്റെ മരണം സ്ഥിരീകരിച്ച ശേഷം ബോഡി വീട്ടിൽ എത്തും മുൻപ്, അർജുന്റെ അമ്മയുടെ അരികിൽ എത്തി അത്രനാൾ കൂടെ നിന്നവർക്ക് ‘സെന്റ് ഓഫ് ‘ നൽകി എന്നെല്ലാം പറയുമ്പോൾ ഒരു അമ്മ അത് ചിരിച്ചു കൊണ്ട് കേട്ട് നിൽക്കണോ??
തന്റെ 3 വയസ്സ് കാരൻ മകന്റെ കയ്യിൽ ആരോ ഒരാൾ സിംപതിയുടെ പേരിൽ പണം വച്ച് നൽകി, ആ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമ്പോൾ കൃഷ്ണപ്രിയ എന്ന അമ്മ അത് കണ്ടു കയ്യടിക്കണമായിരുന്നോ??
തങ്ങൾക്ക് നേരിട്ട, നേരിടുന്ന മാനസികമായ ബുദ്ധിമുട്ടുകൾ പലകുറി ശ്രദ്ധയിൽ പെടുത്തിയിട്ടും മനാഫ് അത് അവഗണിക്കുന്നത് കണ്ട് പ്രതികരിച്ച ആ കുടുംബം എത്ര ഹീനമായ സോഷ്യൽ മീഡിയ ജഡ്ജ്മെന്റ് ആണ് നേരിടുന്നത്!
സ്വന്തം അമ്മയെയും ഭാര്യയെയും കുടുംബത്തെയും തള്ളി പറയുന്ന രീതിയിൽ അർജുൻ എഴുതുന്നതായുള്ള രീതിയിൽ തയ്യാറാക്കിയ കവിത വരെ സോഷ്യൽ മീഡിയയിൽ പാറി നടക്കുന്നത് കണ്ടു!
ആ കുടുംബത്തിന്റെ നഷ്ടം, അവരുടെ വേദന നിർണായിക്കാൻ നമ്മൾ ആരാണ്? ആത്യന്തികമായി നഷ്ടം ആ കുടുംബത്തിന്റേത് മാത്രമാണ്.
അർജുന്റെ ഭാര്യ ജോലി വേണ്ടെന്നു വയ്ക്കണം, അർജുന്റെ അമ്മക്ക് മകൻ മരിച്ചതിൽ വിഷമം ഇല്ലാ.. .. ഇത്തരം ജഡ്ജ്മെന്റുകൾ ആ കുടുംബത്തിനു നേരെയുള്ള വേട്ടയാടലുകൾ തന്നെയാണ്.
മനാഫ് ചെയ്ത നല്ല പ്രവർത്തികൾ നന്ദിയോടെ സ്മരിക്കുന്നു.. എന്ന് കരുതി, എല്ലാം സഹിക്കേണ്ട കാര്യം അവർക്കില്ല… അവർക്കും ഈ വിഷയത്തിൽ വികാര – വിചാരങ്ങൾ ഉണ്ട്.. അത് പ്രകടിപ്പിക്കുന്ന രീതി സമൂഹമാധ്യമങ്ങളിളെ ജഡ്ജിമാർ പറയുന്ന പോലെ കരഞ്ഞു വിളിച്ചു കൊണ്ടാകണം എന്ന് നിർബന്ധം പിടിക്കുന്നത് പരിതാപകരമാണ്.. ഞലമഹഹ്യ വെമാലളൗഹ…
അർജുന്റെ ബൈക്ക് യുട്യൂബർമാർക്ക് കാണിച്ചു കൊടുത്തത് സംബന്ധിച്ച ചോദ്യങ്ങൾക്ക് മനാഫ് മാധ്യമങ്ങൾക്ക് നൽകിയ മറുപടി ‘ അർജുന്റെ ബൈക്ക് അല്ലെ ഞാൻ കാണിച്ചു കൊടുത്തത്, അല്ലാതെ ഷഡി ഒന്നും അല്ലാലോ ‘ എന്നാണ്… 72 ദിവസം അർജുന് വേണ്ടി മാത്രം നില നിന്നെന്നു പറയുന്ന വ്യക്തിയിൽ നിന്നും ഉണ്ടാകുന്ന ഇത്തരം പ്രസ്താവനകൾ ആ കുടുംബം എങ്ങനെയാണു ഇരുകൈകളും നീട്ടി സ്വീകരിക്കേണ്ടത്?
സോഷ്യൽ മീഡിയ ആക്രമണങ്ങൾ ഉണ്ടാക്കുന്ന ട്രോമ വളരെ വലുതാണ്.. അത് ആർക്ക് നേരെ ആണെകിലും… നന്മ മരങ്ങൾ സമൂഹത്തിൽ ആവശ്യമാണ്, എന്നാൽ അവരുടെ വാക്കുകളും പ്രവർത്തികളും മറ്റുള്ളവർക്ക് വേദനയുണ്ടാക്കുന്നതും അവരെ വേട്ടയാടുന്നതും ആകരുത്…
Discussion about this post