ന്യൂഡൽഹി : ഫ്‌ലാഗ്-ഓഫിന് ശേഷം മുംബൈ മെട്രോ യാത്രയിൽ നിന്നുള്ള അവിസ്മരണീയ നിമിഷങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മെട്രോ യാത്രയ്ക്കിടെ പ്രധാനമന്ത്രി യുവാക്കളോടും തൊഴിലാളികളോടും മറ്റ് യാത്രക്കാരോടും സംവദിക്കുന്ന വീഡിയോ ആണ് മോദി പങ്കിട്ടിരിക്കുന്നത്.
‘മുംബൈ മെട്രോയിൽ നിന്നുള്ള അവിസ്മരണീയ നിമിഷങ്ങൾ. ഇന്നലത്തെ മെട്രോ യാത്രയിലെ കുറച്ച് ഹൈലൈറ്റുകൾ ഇതാ,’ എക്സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. മുംബൈ മെട്രോ ജനങ്ങളുടെ യാത്രാസൗകര്യം കൂടുതൽ സുഗമമാക്കുന്നുവെന്നും ഇത് വിദ്യാർത്ഥികൾക്കും വിവിധയിടങ്ങളിൽ ജോലി ചെയ്യുന്ന യുവാക്കൾക്കും ഏറെ പ്രയോജനകരമാണെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
ഒരു ഫ്രെയിമിൽ, ഗിറ്റാർ വായിച്ച് പെൺകുട്ടി പാട്ട് പാടുമ്പോൾ പ്രധാനമന്ത്രി സംഗീതം ആസ്വദിക്കുന്നതായി കാണം. മെട്രോയിൽ ബികെസിയിൽ നിന്ന് സാന്താക്രൂസ് സ്റ്റേഷനിലേക്കാണ് പ്രധാനമന്ത്രി യാത്ര ചെയ്ത്. വിദ്യാർത്ഥികളുമായും ലഡ്കി ബഹിൻ പദ്ധതിയുടെ ഗുണഭോക്താക്കളുമായും തൊഴിലാളികളുമായും മറ്റ് യാത്രക്കാരുമായും പ്രധാനമന്ത്രി സംവദിച്ചു.
മുംബൈ മെട്രോ ലൈൻ 3-ന്റെ (കൊളാബ-സീപ്സ്) ബികെസി മുതൽ ആരെ ജെവിഎൽആർ വരെയുള്ള ഭാഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 14,120 കോടി രൂപ ചെലവിലാണ് പദ്ധതി . പുതിയ മെട്രോ ലൈനിൽ 10 സ്റ്റേഷനുകളാണ് ഉള്ളത്. അതിൽ 9 എണ്ണം ഭൂഗർഭമായിരിക്കും. മുംബൈ നഗരത്തിനും സബർബുകൾക്കുമിടയിലുള്ള യാത്ര മെച്ചപ്പെടുത്തുന്ന ഒരു പ്രധാന പൊതുഗതാഗത പദ്ധതിയാണ് മുംബൈ മെട്രോ ലൈൻ – 3. ഏകദേശം 12,200 കോടി രൂപ ചെലവിൽ നിർമിക്കുന്ന താനെ ഇന്റഗ്രൽ റിംഗ് മെട്രോ റെയിൽ പദ്ധതിയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു .
Discussion about this post