മാമ്പഴം ഇഷ്ടമല്ലാത്തവരായി ആരുണ്ടല്ലേ..കണ്ണിമാങ്ങയായും ചൊനയൊത്ത മാങ്ങയായും പച്ചമാങ്ങയായും പഴുത്താലും ഒക്കെ രുചിയോടെ കഴിക്കാവുന്ന ഫലം. നമ്മുടെ രാജ്യത്ത് ധാരാളമായി വളരുന്ന ഒരു ഫലവൃക്ഷമാണ് ഇത്. ലോകത്ത് ഏറ്റവും കൂടുതൽ മാമ്പഴം ഉത്പാദിപ്പിക്കുന്നതും ഇന്ത്യ തന്നെ. മൂവാണ്ടൻ,കിളിച്ചുണ്ടൻ,ചേലൻ എന്നിങ്ങനെ നിരവധി തരം മാങ്ങകൾ ഉണ്ട് ഈ ലോകത്ത്.
കേരളത്തിലെ കാലാവസ്ഥയനുസരിച്ച് നവംബർ-ഡിസംബർ കാലയളവിലാണ് മാവ് പൂത്തു തുടങ്ങുന്നത്. ഇതുമൂലം നേരത്തേ തന്നെ പാകമാകുന്നതിനും വിപണനം നടത്തുന്നതിനും സഹായകരമാകുന്നു. കേരളത്തിലെ മാവ് കൃഷി ഏകദേശം 77000 ഹെക്ടർ സ്ഥലത്തായി സ്ഥിതിചെയ്യുന്നു. ഏറ്റവും കൂടുതൽ മാവ് കൃഷിയുള്ള ജില്ലകൾ പാലക്കാട്, മലപ്പുറം എന്നീ ജില്ലകളാണ്. ഏറ്റവും കുറവ് കൃഷിയുള്ള പ്രദേശം പത്തനംതിട്ട ജില്ലയുമാണ്.
എന്നാൽ പലർക്കും വീട്ടുമുറ്റത്തെ മാവ് നല്ലരീതിയിൽ പൂത്തില്ല,കായ്ച്ചില്ല എന്ന പരാതി ഒക്കെ ഉണ്ടാവും. ഈ പരാതി ഈ തവണ തീർത്താലോ? ഇതിന് ഒരു സൂത്രപ്പണിയുണ്ട്. ഈ മാസം അവസാനം വരെകൾട്ടാർ പ്രയോഗം നൽകാം. മാവ് പുഷ്പിക്കുന്നതിന് പ്രേരകമെന്ന് അംഗീകരിക്കപ്പെട്ട രാസവസ്തുവാണ് കൾട്ടാർ. വലിയമരമൊന്നിന് 20 മില്ലിയാണ് ഉപയോഗിക്കേണ്ടത്. 10 വർഷത്തിൽ കുറവുള്ള മരങ്ങൾക്ക് 10 മില്ലി മതി.
20 മില്ലി കൾട്ടാർ 20 ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കണം. ഇത് മരത്തിന് നാല് വശങ്ങളിലുമായി ഒരു മീറ്റർ അകലത്തിൽ അര അടിയിൽ കുറയാതെയുള്ള കുഴിയെടുത്ത് 5 ലിറ്റർ വീതം ഒഴിക്കുക. രണ്ട് ദിവസം തുടർച്ചയായി മാവിന്റെ ചുവട് നനച്ചശേഷം നാലാം ദിവസം കൾട്ടർ പ്രയോഗം നടക്കുന്നതാവും ഉചിതം. കുഴിമൂടിയശേഷം 5 ദിവസത്തേക്ക് രണ്ടുനേരം നനച്ചുകൊടുക്കണം.ഇതിന് ആഴ്ചകൾക്ക് ശേഷം സൾഫേറ്റ് ഓഫ് പൊട്ടാഷ് (എസ്ഒപി) 5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി സ്‌പ്രേ ചെയ്യുക. ഇത് 12 ആഴ്ച കഴിഞ്ഞ് ആവർത്തിക്കുക.
ഇനി ഇതൊന്നും ചെയ്യാൻ കഴിയാത്തവർക്ക് തുലാവർഷ ആരംഭത്തിന് മുൻപ് മാവിന്റെ ഇലച്ചാർത്തിന്റെ അതിരിന് തൊട്ടുതാഴെയായി കല്ലുപ്പ് 2-3 പിടി വിതറുകയും രണ്ടാഴ്ചയ്ക്ക് ശേഷം 400 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് ഇലച്ചാർത്തിനുള്ളിൽ വിതറുകയും ചെയ്യാം. രാവിലെ അഞ്ചിനും ആറിനും ഇടയ്ക്ക് മാവിലകളെ പുക കൊള്ളിക്കുകയും ചെയ്യാം
Discussion about this post