ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധസേനയ്ക്ക് കൂടുതൽ കരുത്തായി അമേരിക്കയുടെ പ്രിഡേറ്റർ ഡ്രോണുകൾ എത്തുന്നു. കര,നാവിക,വ്യോമ സേനകൾക്കായി 31 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതിനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. 32,000 കോടി രൂപയുടെ കരാറിലാണ് ഇരുരാജ്യങ്ങളും ഏർപ്പെട്ടിരിക്കുന്നത്. മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കരാർ ഒപ്പിട്ടത്.
കരസേനയ്ക്കും വ്യോമസേനയ്ക്കും 8 വീതം ഡ്രോണുകളാണ് ലഭിക്കുക. ദക്ഷിണേന്ത്യയിൽ നാവികസേനയ്ക്ക് 15 പ്രിഡേറ്റർ ഡ്രോണുകൾ ലഭിക്കും. ചെന്നൈയ്ക്കടുത്തുള്ള ഐഎൻഎസ് രാജാലി, ഗുജറാത്തിലെ പോർബന്തർ, ഉത്തർപ്രദേശിലെ സർസാവ, ഗോരഖ്പൂർ എന്നിവയുൾപ്പെടെ തിരഞ്ഞെടുക്കുന്ന നാല് സ്ഥലങ്ങളിലാണ് ഇന്ത്യ ഈ ഡ്രോണുകൾ സ്ഥാപിക്കുക.ഇന്ത്യൻ മഹാസമുദ്രത്തിലെ അനധികൃത സമുദ്ര പ്രവർത്തനങ്ങളിൽ നിന്നും ചൈനീസ് നിരീക്ഷണ കപ്പലുകളിൽ നിന്നും ഉണ്ടാകുന്ന ഭീഷണികൾ നിരീക്ഷിക്കാനും പ്രതിരോധിക്കാനും പ്രിഡേറ്റർ ഡ്രോണുകൾ ഉപയോഗിക്കാനാവും.
മണിക്കൂറിൽ ഏകദേശം 442 കിലോ മീറ്റർ വേഗതയിൽ പറക്കാൻ ഈ ഡ്രോണുകൾക്ക് കഴിയും. ഏകദേശം 50,000 അടി ഉയരത്തിൽ പറക്കാൻ കഴിയുന്ന ഇവയെ ഏത് കാലാവസ്ഥയിലും വിപുലമായ ദൗത്യങ്ങൾക്ക് അയക്കാൻ സാധിക്കും. ഹൈ ആൾട്ടിട്ട്യൂഡ് ലോങ് എൻഡ്യുറൻസ് ഡ്രോൺ വിഭാഗത്തിൽ പെടുന്ന ഈ ഡ്രോണുകൾ വാടകക്കെടുത്ത് 2020 നവംബർ മുതൽ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. ഴിഞ്ഞ കുറേ വർഷങ്ങളായി യുഎസുമായുള്ള കരാറിനെ കുറിച്ച് ഇന്ത്യ ചർച്ച ചെയ്തു വരികയായിരുന്നു. കഴിഞ്ഞയാഴ്ച നടന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിലാണ് യുഎസുമായി കരാറിലെത്താൻ തീരുമാനിച്ചത്.
Discussion about this post