ന്യൂഡൽഹി: ഇന്ത്യൻ വിമാനക്കമ്പനികളുടെ വിമാനങ്ങൾക്ക് നേരെ കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി ബോംബ് ഭീഷണികളാണ് വന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കകം തന്നെ 12 തവണയാണ് വിവിധ വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി വന്നത്. കഴിഞ്ഞ തിങ്കളാഴ്ച മാത്രം രണ്ട് ഇൻഡിഗോ വിമാനങ്ങൾക്കും ഒരു എയർ ഇന്ത്യ വിമാനങ്ങൾക്കും നേരെ ബോംബ് ഭീഷണി വന്നിരുന്നു. ചൊവ്വാഴ്ചയും മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് നേരെ ഭീഷണി സന്ദേശം എത്തിയിരുന്നു.
രാജ്യത്ത് വരുന്ന ഏതൊരു ബോംബ് ഭീഷണിയെയും നിസാരവൽക്കരിക്കാൻ കഴിയില്ല. ഒരു സ്ഥലത്ത് ബോംബ് ഭീഷണി വരുമ്പോൾ അതിന്റെ സത്യാവസ്ഥ പരിശോധിക്കുകയും വ്യാജ ഭീഷണിയാണെന്ന് ഉറപ്പുവരുത്തുകയും, ബോംബ് ഉണ്ടെങ്കിൽ തന്നെ അത് നിർവീര്യമാക്കിയെന്ന് ഉറപ്പാക്കുകയും ചെയ്യുന്നത് വരെ ഭീഷണി യഥാർത്ഥമായി തന്നെയാണ് കണക്കാക്കുന്നത്. വ്യാജ ഭീഷണിയാണെങ്കിൽ തന്നെ അിന്റെ ഉറവിടം കണ്ടെത്തേണ്ടതും അത്യാവശ്യമാണ്.
ഓരോ തവണ വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണികൾ ഉയരുമ്പോഴും വിമാനക്കമ്പനികൾക്ക് ഭീമമായ നഷ്ടമാണ് നേരിടേണ്ടി വരുന്നത്. ബോംബ് ഭീഷണികൾ മൂലം വിമാനത്താവളങ്ങളിൽ നിന്നും വിമാനങ്ങളിൽ നിന്നും ആളുകളെ മാറ്റേണ്ടി വരുകയോ വിമാനം മറ്റൊരു വിമാനത്താവളത്തിൽ ഇറക്കേണ്ടയോ സാഹചര്യങ്ങൾ വരുമ്പോൾ വലിയ നഷ്ടമാണ് സംഭവിക്കുന്നതെന്ന് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി സുരക്ഷാ വിദഗ്ധൻ പറയുന്നു. ഓരോ മണിക്കൂറിലും 17 ലക്ഷം രൂപ മുതൽ 1.70 കോടി രൂപ വരെയാണ് വിമാനക്കമ്പനികൾക്ക് വഹിക്കേണ്ടി വരുന്ന ചിലവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. കമ്പനികൾ വഹിക്കേണ്ടി വരുന്ന ഈ നഷ്ടത്തിനൊപ്പം ഓരോ യാത്രക്കാരും അനുഭവിക്കുന്ന മാനസീകവും ശാരീരികവുമായ ബുദ്ധിമുട്ടുകളും സാമ്പത്തികമായ പ്രശ്‌നങ്ങളും വളരെ വലുതാണ്.
ഇന്നലെയും ആകാശ എയർ വിമാനത്തിന് നേെര ബോംബ് ഭീഷണി ഉയർന്നിരുന്നു. ഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനത്തിന് നേരെയാണ് ഭീഷണിയെത്തിയത്. മൂന്ന് നവജാത ശിശുക്കൾ ഉൾപ്പെടെ 177 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായത്. എക്‌സിലൂടെയാണ് സന്ദേശമെത്തിയത്. വിമാനത്താവളങ്ങളിലെ തുടർച്ചയായ ബോംബ് ഭീഷണിയെ തുടർന്ന് വിമാനത്താവളങ്ങളിൽ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇന്നലെ വ്യോമയാന മന്രഎതാലയം അടിയന്തര യോഗഗ ചേർന്നിരുന്നു.








